തിരുവനന്തപുരം :
തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്. തെരഞ്ഞെടുപ്പിലെ ജയസാധ്യതകള്‍ തന്നെയാണ് യോഗത്തിലെ പ്രധാന അജണ്ട. ഇലക്ഷന് ശേഷം ജില്ലാ കമ്മിറ്റികൾ നൽകിയ റിപ്പോർട്ടുകളും ഇന്നത്തെ യോഗം ചർച്ച ചെയ്യും. ബിജെപി വ്യപകമായി കോൺഗ്രസിന് വോട്ട് മറിച്ചെന്ന് കഴിഞ്ഞ ദിവസം തന്നെ സിപിഎം ആരോപിച്ചിരുന്നു. ഇക്കാര്യവും യോഗത്തിൽ ചർച്ച ആകും. 12 മണ്ഡലങ്ങളിൽ ബിജെപി വോട്ട് മറിച്ചെന്നാണ് സിപിഎം ജില്ലാഘടകങ്ങളുടെ വിലയിരുത്തല്‍
കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രനുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ബിജെപി ദുര്‍ബല സ്ഥാനാര്‍ഥിയെ ഇറക്കിയതെന്ന് സിപിഎം ആരോപിക്കുന്നു. ആലപ്പുഴയിലും മാവേലിക്കരയിലും ബിജെപി നിലപാട് യുഡിഎഫിന് ഗുണം ചെയ്യുമെന്നും പാർട്ടി വിലയിരുത്തുന്നു.
ഇടുക്കി , എറണാകുളം , ചാലക്കുടി, ആലത്തൂർ എന്നിവടങ്ങളിൽ വന്‍തോതില്‍ ബിജെപി വോട്ട് യുഡിഎഫിലേക്കു പോയെന്നും മണ്ഡലം കമ്മിറ്റികള്‍ കണക്കുകൂട്ടുന്നു.
ശബരിമല വിഷയം ഇടതുപക്ഷത്തിന്‍റെ സാധ്യതകളെ ബാധിച്ചിട്ടുണ്ടെങ്കിലും ശക്തമായ ഭരണ വിരുദ്ധ വികാരമില്ലാത്തതിനാൽ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ സാധിക്കുമെന്ന് തന്നെയാണ് നേതാക്കളുടെ പ്രതീക്ഷ.