കേരളം

kerala

ETV Bharat / elections

കേരളത്തില്‍ റെക്കോഡ് വിധിയെഴുത്ത്; മുന്നില്‍ കണ്ണൂർ - loksabha election in kerala

ഇടതുതരംഗമെന്ന് എല്‍ഡിഎഫും രാഹുല്‍ തരംഗമെന്ന് യുഡിഎഫും. പോളിങ് ശതമാനം ഉയർന്നത് എൻഡിഎയ്ക്ക് അക്കൗണ്ട് തുറക്കാനെന്നും അവകാശവാദം.

സംസ്ഥാനത്ത് റെക്കോർഡ് പോളിങ്; മുന്നില്‍ കണ്ണൂർ

By

Published : Apr 24, 2019, 9:05 AM IST

Updated : Apr 24, 2019, 12:54 PM IST

പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളം റേക്കോർഡ് പോളിങ്ങോടെ വിധിയെഴുതി. 77. 68 ശതമാനം വോട്ടര്‍മാരാണ് ഇത്തവണ സമ്മതിദാന അവകാശം വിനിയോഗിച്ചത്. ശക്തമായ ത്രികോണമത്സരം നടന്ന തൃശൂര്‍, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളില്‍ പോളിങ് കഴിഞ്ഞ തവണത്തേക്കാള്‍ വലിയ തോതില്‍ വര്‍ദ്ധിച്ചു. തിരുവനന്തപുരത്ത് വോട്ടിങ് ശതമാനം 68.69-ൽ നിന്ന് 73.37 ശതമാനമായി ഉയർന്നു. പത്തനംതിട്ടയിൽ 66.02-ൽ നിന്ന് 74.04 ആയും തൃശ്ശൂരിൽ 72.17-ൽ നിന്ന് 77.49 ആയും വർദ്ധിച്ചു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിച്ച വയനാട്ടിൽ വോട്ടിങ് ശതമാനം 73.29-ൽ നിന്ന് 80.01 ആയി. വയനാടിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിങ്ങാണിത്. 2014ല്‍ 74.02 ശതമാനമായിരുന്നു പോളിങ്. രാവിലെ ഏഴ് മണി മുതല്‍ തന്നെ എല്ലാ ബൂത്തുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടു.

അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977ലും 1989ലും പോളിങ് 79 ശതമാനം കടന്നിരുന്നു. പോളിങ് ശതമാനം ഉയർന്നതില്‍ മുന്നണികൾ ഒരേ സമയം ആശങ്കയിലും ആത്മവിശ്വാസത്തിലുമാണ്. ഇടതു തരംഗമെന്ന് എല്‍ഡിഎഫും രാഹുല്‍ തരംഗമെന്ന് യുഡിഎഫും അവകാശപ്പെടുന്നു. ഉയർന്ന പോളിങ് ശതമാനം ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ കാരണമാകുമെന്ന് എൻഡിഎ പ്രതീക്ഷിക്കുന്നു. 1999 മുതല്‍ പോളിങ് ശതമാനം ക്രമാനുഗതമായി ഉയരുന്നുണ്ടെന്നും അത് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കില്ലെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 70 ശതമാനം കടന്നത് 17 മണ്ഡലങ്ങളിലായിരുന്നു. എന്നാല്‍ ഇത്തവണ എല്ലാ മണ്ഡലങ്ങളിലും 70 ശതമാനം കടന്നു. വടകര, വയനാട്, കണ്ണൂർ, ചാലക്കുടി, ആലപ്പുഴ, കാസർകോട്, ആലത്തൂർ മണ്ഡലങ്ങളില്‍ 80 ശതമാനത്തിലേറെ വോട്ടുകൾ രേഖപ്പെടുത്തി. കണ്ണൂരാണ് ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. 82.26 ശതമാനം. 73.45 ശതമാനവുമായി തിരുവനന്തരുരമാണ് പിന്നില്‍.

മണ്ഡലങ്ങളിലെ പോളിങ്‌ ശതമാനം:- തിരുവനന്തപുരം - 73.45, ആറ്റിങ്ങൽ - 74.23, കൊല്ലം - 74.36, പത്തനംതിട്ട - 74.19, മാവേലിക്കര - 74.0,9 ആലപ്പുഴ - 80.09, കോട്ടയം - 75.29, ഇടുക്കി - 76.26, എറണാകുളം - 77.54, ചാലക്കുടി - 80.44, തൃശ്ശൂർ - 77.86, ആലത്തൂർ - 80.33, പാലക്കാട് - 77.67, പൊന്നാനി - 74.96, മലപ്പുറം - 75.43, കോഴിക്കോട് - 81.47, വയനാട് - 80.31, വടകര - 82.48, കണ്ണൂർ - 83.05, കാസർകോട് - 80.57.

Last Updated : Apr 24, 2019, 12:54 PM IST

ABOUT THE AUTHOR

...view details