ലോക്സഭാ തെരഞ്ഞെടുപ്പ് ആരംഭിച്ച ആദ്യ മണിക്കൂറുകളിൽ തന്നെ വോട്ട് രേഖപ്പെടുത്തി സ്ഥാനാർഥികൾ. എറണാകുളത്തെ യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡനും ഭാര്യയും മാമംഗലം എസ്എൻഡിപി ഹാളിൽ വോട്ട് രേഖപ്പെടുത്തി. വലിയൊരു ആത്മവിശ്വാസത്തോടെയാണ് യുഡിഎഫ് ഈ തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നും തിളക്കമാർന്ന വിജയം കാഴ്ചവയ്ക്കാൻ സാധിക്കുമെന്ന പൂർണ്ണ വിശ്വാസമുണ്ടെന്നും വോട്ട് രേഖപ്പെടുത്തിയതിനുശേഷം ഹൈബി ഈഡൻ പറഞ്ഞു.
മലപ്പുറം ലോക്‌സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലികുട്ടി, പാണക്കാട് സി.കെ.എം.എം.എ.എല്‍.പി സ്‌കൂളിലെ 97-ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും ഈ ബൂത്തില്‍ തന്നെയാണ് വോട്ട് രേഖപ്പെടുത്തിയത്. യുഡിഎഫിന് മികച്ച വിജയം ഉണ്ടാകും എന്ന് ഇരുവരും പ്രതികരിച്ചു. കൊല്ലത്തെ യു ഡി എഫ് സ്ഥാനാർഥി എ എൻ പ്രേമചന്ദ്രൻ കൊല്ലം ക്രിസ്തുരാജ് എച്ച് എസ് എസിൽ വോട്ട് ചെയ്തു. സി പി എം തന്നെ വ്യക്തിഹത്യ ചെയ്യുകയായിരുന്നുവെന്ന് പ്രേമചന്ദ്രൻ പ്രതികരിച്ചു. കണ്ണൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി സി.കെ. പത്മനാഭൻ അഴീക്കോട് ഹൈസ്കൂളിൽ വോട്ട് രേഖപ്പെടുത്തി. ആലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർഥി അഡ്വ എ എം ആരിഫ് കുതിരപ്പന്തി ടി കെ എം എൽ പി സ്കൂളിൽ വോട്ട് ചെയ്തു. കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴികാൻ കോട്ടയം ചവിട്ടുവരി സെക്രട്ട് ഹാർട്ട്സ് ഹയർ സെക്കണ്ടറി സ്കൂളിലും എൽ ഡി എഫ് സ്ഥാനാർഥി വി.എൻ വാസവൻ പാമ്പടി എംജിഎം ഹൈസ്കൂളിലും വോട്ട് രേഖപ്പെടുത്തി . ആറ്റിങ്ങൽ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എ സമ്പത്ത് തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിൽ 85-ആം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. പത്തനംതിട്ടയിലെ എൽ ഡി എഫ് സ്ഥാനാർഥി വീണ ജോർജ് ആനപ്പാറ ബൂത്തിലും വോട്ട് ചെയ്തു.