തിരുവനന്തപുരം: കൊവിഡ് കാലത്ത് ജാഗ്രതയോടെ വോട്ടുചെയ്യാന്‍ മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്. രാജ്യത്തിന്റെ പല ഭാഗത്തും കൊവിഡിന്റെ അതിതീവ്ര വ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാവര്‍ക്കും വോട്ട് ചെയ്യാനുള്ള സൗകര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ എല്ലാവരും തങ്ങളുടെ സമ്മതിദാനാവകാശം ജാഗ്രതയോടെ നിര്‍വഹിക്കണമെന്ന് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നു.
പോളിങ്ങ് ബൂത്തിലെത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍
1. വോട്ടുചെയ്യുന്നതിനായി വീട്ടില്‍ നിന്നിറങ്ങുന്നത് മുതല്‍ തിരികെയെത്തുന്നതുവരെ മൂക്കും വായും മൂടത്തക്ക വിധം മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം.
2. കുട്ടികളെ ഒരു കാരണവശാലും കൂടെ കൊണ്ടുപോകരുത്.
3.രജിസ്റ്ററില്‍ ഒപ്പിടുന്നതിനുള്ള പേന കയ്യില്‍ കരുതുക.
4.പരിചയക്കാരെ കാണുമ്പോള്‍ മാസ്‌ക് താഴ്ത്തി സംസാരിക്കരുത്. ആരെങ്കിലും മാസ്‌ക് താഴ്ത്തി സംസാരിച്ചാല്‍ അവരോട് മാസ്‌ക് വച്ച് സംസാരിക്കാന്‍ പറയുക.
5.ആരോട് സംസാരിച്ചാലും ആറ് അടി സാമൂഹിക അകലം പാലിക്കണം.
6.പോളിംഗ് ബൂത്തില്‍ ക്യൂവില്‍ നില്‍ക്കുമ്പോഴും മുമ്പിലും പിമ്പിലും ആറ് അടി സാമൂഹ്യ അകലം പാലിക്കണം. കൂട്ടം കൂടി നില്‍ക്കരുത്.·
7.ഒരാള്‍ക്കും ഷേക്ക് ഹാന്‍ഡ് നല്‍കാനോ ദേഹത്ത് തൊട്ടുള്ള സ്നേഹപ്രകടനങ്ങള്‍ നടത്താനോ പാടില്ല.
8.എല്ലാവരേയും തെര്‍മ്മല്‍ സ്‌കാനിംഗ് വഴി പരിശോധന നടത്തിയായിരിക്കും ബൂത്തിലേക്ക് പ്രവേശിപ്പിക്കുക.