ഇടുക്കി:ഉടുമ്പന്‍ചോല മണ്ഡലത്തിൽ ഇരട്ട വോട്ടുകള്‍ ഒരു പരിധിവരെ തടയാനായെന്ന് യുഡിഎഫ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. കേരളത്തിലും തമിഴ്‌നാട്ടിലും വോട്ടുള്ള തോട്ടം തൊഴിലാളികളെ ചുറ്റിപ്പറ്റിയുള്ള ഇരട്ട വോട്ട് വിവാദം ഓരോ തെരഞ്ഞെടുപ്പിലും ഉടുമ്പന്‍ചോലയില്‍ ഉയരുന്നതാണ്. കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാർഥി എം.എം. മണി വിജയിച്ചത് ഇങ്ങനെയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
ഉടുമ്പന്‍ചോലയില്‍ ഇരട്ട വോട്ടുകള്‍ ഒരുപരിധിവരെ തടയാനായെന്ന് യുഡിഎഫ് - UDF
സേനയുടെ ഇടപെടലും പ്രവര്‍ത്തകരുടെ ജാഗ്രതയും മൂലം ഇരട്ട വോട്ടില്‍ കുറവ് വരുത്താന്‍ സാധിച്ചെന്നാണ് വിലയിരുത്തല്‍.
ഇരട്ട വോട്ട് സംബന്ധിച്ച് യുഡിഎഫും ബിജെപിയും പരാതി ഉന്നയിച്ചിരുന്നു. കേന്ദ്ര സേന ഉള്‍പ്പെടെ അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ ശക്തമായ പരിശോധനകള്‍ ഏർപ്പെടുത്തിയതിനാലും വിവിധ മേഖലകളില്‍ യുഡിഎഫ് പ്രവര്‍ത്തകർ ജാഗ്രത പാലിച്ചതിനാലും ഒരു പരിധിവരെ തടയാനായെന്ന് ഡിസിസി ജനറൽ സെക്രട്ടറി സേനാപതി വേണു പറഞ്ഞു.
ഇരട്ട വോട്ട് ചെയ്യാന്‍ എത്തിയവരെന്ന് ആരോപിക്കപ്പെട്ട 14പേരെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കമ്പംമേട്ട് ചെക്‌പോസ്റ്റിലും കോമ്പയാറിലും വാഹനങ്ങളില്‍ എത്തിയവരെ കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ തടയുകയുണ്ടായി. സേനയുടെ ഇടപെടലും പ്രവര്‍ത്തകരുടെ ജാഗ്രതയും മൂലം ഇരട്ട വോട്ടില്‍ കുറവ് വരുത്താന്‍ സാധിച്ചെന്നാണ് യുഡിഎഫിന്‍റെ വിലയിരുത്തല്‍.