ഇടുക്കി: വൈദ്യുത വകുപ്പ് മന്ത്രി എംഎം മണിയുടെ സ്ഥാനാർഥിത്വത്തോടെ താരപരിവേഷം ലഭിച്ച ഉടുമ്പൻചോലയിൽ ഇരട്ട വോട്ട് ആക്ഷേപമുയർത്തി യുഡിഎഫ്-എൻഡിഎ മുന്നണികൾ വീണ്ടും രംഗത്ത്. തമിഴ്‌നാട് സ്വദേശികളായ തോട്ടം തൊഴിലാളികളെ വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി തിരിമറി നടത്തുന്നുവെന്നും തമിഴ്‌നാട്ടില്‍ തിരിച്ചറിയല്‍ രേഖകളും വോട്ടും ഉള്ള നിരവധി പേര്‍ കേരളത്തിലും വോട്ട് ചെയ്യാൻ സാധ്യതയുണ്ടെന്നും ആരോപണമുയർത്തി ഇരു മുന്നണികളും ഇലക്ഷൻ കമ്മീഷന് പരാതി നൽകി.
ഉടുമ്പൻചോലയിൽ ഇരട്ട വോട്ട് ആക്ഷേപമുയർത്തി യുഡിഎഫും എൻഡിഎയും രംഗത്ത്
തമിഴ്‌നാട്ടിലും കേരളത്തിലും വോട്ടുള്ളവർ തെരഞ്ഞെടുപ്പ് അട്ടിമറിയ്ക്കുമെന്ന് ആരോപിച്ച് ഇരു മുന്നണികളും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഹൈക്കോടതിയിൽ നൽകിയ കേസിൽ ഇപ്പോഴും അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മന്ത്രി എംഎം മണി നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കുവാൻ കാരണം ഇരട്ട വോട്ടുകളാണെന്ന് ബിജെപി ഉടുമ്പൻചോല മണ്ഡലം പ്രസിഡന്‍റ് സിഡി സജീവൻ ആരോപിച്ചു. ഇതിനുപുറമേയാണ് വീണ്ടും ഇരട്ട വോട്ട് ചൂണ്ടിക്കാട്ടി പരാതി നൽകിയിരിക്കുന്നത്.
ഇത്തവണ തമിഴ്‌നാട്ടിലും കേരളത്തിലും ഒരേ ദിവസം തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ചെക്ക് പോസ്റ്റുകളിലും കാട്ടുപാതയിലമുടക്കം ശക്തമായ നിരീക്ഷണം നടത്തുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. ഇരു സംസ്ഥാനത്തേക്കും യാത്ര ചെയ്യുന്നവർ വ്യക്തമായ കാരണം ബോധ്യപ്പെടുത്തിയാല്‍ മാത്രമേ കടത്തിവിടൂ എന്നും ഇടുക്കി ജില്ലാ കലക്‌ടർ എച്ച് ദിനേശൻ വ്യക്തമാക്കി. പ്രചാരണ ചൂട് കടുക്കുന്നതോടൊപ്പം എല്ലാ തെരഞ്ഞെടുപ്പുകളിലും ഹൈറേഞ്ചിലെ അതിർത്തി ഗ്രാമങ്ങളിൽ പ്രധാന ചർച്ചയാവാറുള്ള ഇരട്ട വോട്ട് വിവാദം ഇത്തവണയും ഉടുമ്പന്‍ചോലയില്‍ ചൂടേറിയ ചര്‍ച്ചയാകുകയാണ്.