തെക്കിന്‍റെ കശ്‌മീരായി അറിയപ്പെടുന്ന മൂന്നാറും പച്ചക്കറികൃഷിയുടെ കലവറയായ വട്ടവടയും കാന്തല്ലൂരും ചന്ദനം വളരുന്ന മറയൂരും വാണിജ്യകേന്ദ്രമായ അടിമാലിയും കേരളത്തിലെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയും അടങ്ങുന്നതാണ് ദേവികുളം നിയോജകമണ്ഡലം. എൽ.ഡി.എഫിനും യു.ഡി.എഫിനും ഒരു പോലെ അടിത്തറയുളള മണ്ഡലമാണ് ദേവികുളം. തമിഴ് നാടുമായി അതിർത്തി പങ്കിടുന്നതിനാൽ തമിഴ് സംസാരിക്കുന്നവർ ഏറെയുള്ള മണ്ഡലം കൂടിയാണിത്. അതിനാൽ തന്നെ തമിഴ്‌നാട് രാഷ്‌ട്രീയ പാർട്ടികളുടെ സ്വാധീനവും ഈ മണ്ഡലത്തിനുണ്ട്.
മണ്ഡലത്തിന്‍റെ രാഷ്‌ട്രീയം
കോടതി വിധിയുടെ അടിസ്ഥാനത്തിൽ കേരളത്തിലെ ആദ്യ ഉപതെരഞ്ഞെടുപ്പിന് വേദിയായ മണ്ഡലമാണ് ദേവികുളം. 1957-ൽ തെരഞ്ഞെടുക്കപെട്ട റോസമ്മ പുന്നൂസിന്‍റെ വിജയം ട്രിബ്യൂണൽ റദ്ദാക്കിയിരുന്നു. ഇതിനെ തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ വൻ വിജയം കരസ്ഥമാക്കി റോസമ്മ പുന്നൂസ് വീണ്ടും ദേവികുളത്തിന്‍റെ എംഎൽഎ ആയി. കേരളത്തിന്‍റെ ആദ്യ പ്രൊടൈം സ്പീക്കർ. ആദ്യ നിയമസഭയിൽ സത്യപ്രതിജ്ഞ ആദ്യ അംഗമെന്ന ഖ്യാതിയും ദേവികുളത്ത് നിന്ന് വിജയിച്ച ആദ്യ റോസമ്മ പുന്നൂസിനുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനും യുഡിഎഫിനും പിന്നാലെ മൂന്നാംസ്ഥാനത്തായി എത്തിയത് എഎഐഎഡിഎംകെയാണ്. പട്ടികജാതി സംവരണ മണ്ഡലം കൂടിയാണിത്. തോട്ടം മേഖലയിലെ പള്ളര്‍, പറയര്‍ സമുദായങ്ങളാണ് വിജയം നിര്‍ണയിക്കുന്നത്.
ദേവികുളം താലൂക്കിൽ ഉൾപ്പെടുന്ന അടിമാലി, കാന്തല്ലൂർ, മറയൂർ, മാങ്കുളം, മൂന്നാർ, വട്ടവട, വെള്ളത്തൂവൽ, ദേവികുളം, പള്ളിവാസൽ, ഇടമലക്കുടി, ഉടുമ്പൻചോല താലൂക്കിലെ ബൈസൺവാലി, ചിന്നക്കനാൽ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് മണ്ഡലം
മണ്ഡലത്തിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രം
ഒമ്പത് തവണ ഇടതുപക്ഷത്തെയും ആറ് തവണ യുഡിഎഫിനെയും ദേവികുളം തുണച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് തവണയായി എൽഡിഎഫിനെയും അതിനു മുന്നെ മൂന്ന് തവണ യുഡിഎഫും മണ്ഡലത്തെ പ്രതിനിധീകരിച്ച് സഭയിലെത്തി. 1957 ലെ ആദ്യ തെരഞ്ഞെടുപ്പിൽ സിപിഐയുടെ റോസമ്മ പുന്നൂസായിരുന്നു വിജയി. 1960ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ മുരുകേശൻ വെങ്കിടേശൻ ദേവികുളത്തിന്‍റെ എംഎൽഎ ആയി. 1965-ൽ ജി. വരദനിലൂടെ സിപിഎം മണ്ഡലം തിരിച്ചു പിടിച്ചു. 1967-ലും 77ലും നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസും 70ലും 80ലും 82ലും 87ലും സിപിഎമ്മും ദേവികുളത്ത് നിന്ന് വിജയിച്ചു. 1991 ൽ സിപിഎമ്മിൽ നിന്ന് മണ്ഡലം തിരിച്ചു പിടിച്ച കോൺഗ്രസ് 2006 വരെ ദേവികുളത്തെ പ്രതിനിധീകരിച്ചു. എ.കെ മണിയായിരുന്നു കോൺഗ്രസ് എംഎൽഎ. 2006-ൽ നടന്ന തെരഞ്ഞെടുപ്പിൽ എ.കെ മണിയിൽ നിന്ന് എസ് രാജേന്ദ്രൻ മണ്ഡലം തിരിച്ചു പിടിച്ചു. 2016 ലെ തെരഞ്ഞെടുപ്പിലും ദേവികുളം എസ് രാജേന്ദ്രനെ നിയമസഭയിലെത്തിച്ചു.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പ്