ന്യൂഡൽഹി: ബംഗാളിലെ നന്ദിഗ്രാം മണ്ഡലത്തിൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ അവരുടെ വിശ്വസ്തനായിരുന്ന സുവേന്ദു അധികാരിയെ സ്ഥാനാർഥിയാക്കി ബിജെപിയുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു. 57 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. നന്ദിഗ്രാമിൽ നിന്നുള്ള ഇപ്പോഴത്തെ എംഎൽഎയാണ് സുവേന്ദു അധികാരി. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അശോക് ദിൻഡയും ബിജെപി പട്ടികയിലുണ്ട്. മോയ്നയിൽ നിന്ന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ ദിൻഡ ജനവിധി തേടും.
നന്ദിഗ്രാമിൽ മമത ബാനർജിക്കെതിരെ സുവേന്ദു അധികാരി ബിജെപി സ്ഥാനാർഥി - അശോക് ദിൻഡ
നന്ദിഗ്രാമിൽ നിന്നുള്ള ഇപ്പോഴത്തെ എംഎൽഎയും മമത ബാനർജിയുടെ വിശ്വസ്തനുമായിരുന്ന സുവേന്ദു അധികാരി തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ആണ് ബിജെപിയിൽ ചേർന്നത്. സുവേന്ദു അധികാരിയുൾപടെ 57 പേരുടെ ആദ്യപട്ടിക ബിജെപി പുറത്തിറക്കി.
നന്ദിഗ്രാമിൽ മാത്രമേ മത്സരിക്കൂവെന്നു മമത കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ബിജെപി നേതാവ് സുവേന്ദു അധികാരി നന്ദിഗ്രാമിൽ നിന്ന് മത്സരിക്കുന്നതായി ബിജെപി പ്രഖ്യാപിച്ചത്. മുൻ കോൺഗ്രസ് എംഎൽഎ സുദീപ് മുഖർജി പുരുലിയയിൽ നിന്നും സിപിഎം എംഎൽഎ തപ്സി മണ്ഡൽ ഹൽദിയയിൽ നിന്നും ബിജെപി ടിക്കറ്റിൽ ജനവിധി തേടും.
ബാഗ്‌മുണ്ടി സീറ്റ് ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയനു നൽകിയതായും ജനറൽ സെക്രട്ടറി അരുൺ സിങ് പറഞ്ഞു. മുൻ ഐപിഎസ് ഓഫിസർ ഭാരതി ഘോഷും പട്ടികയിലുണ്ട്. പശ്ചിമ ബംഗാൾ നിയമസഭയിലേക്കുളള ആദ്യ ഘട്ട തെരഞ്ഞെടുപ്പ് മാർച്ച് 27ന് നടക്കും.