കേരളം

kerala

ETV Bharat / elections

വിഎസിനെ തോല്‍പ്പിച്ച അമ്പലപ്പുഴ ഇടത്തും വലത്തും നില്‍ക്കും, ഇത്തവണ തീപാറും

യുവാക്കൾ തമ്മിലുളള പോരാട്ടത്തിനാണ് ഇത്തവണ അമ്പലപ്പുഴ സാക്ഷ്യം വഹിക്കുന്നത്.

ambalappuzha  കേരളത്തിലെ തെരഞ്ഞെടുപ്പുകൾ  അമ്പലപ്പുഴ അസംബ്ലി  ജി.സുധാകരൻ  2021 ലെ തെരഞ്ഞെടുപ്പ്  15-ാം നിയമസഭ  kerala assembly election  election2021
അമ്പലപ്പുഴ നിയമസഭ

By

Published : Mar 25, 2021, 4:02 PM IST

വി.എസ് അച്യുതാനന്ദന്‍റെ വിജയപരാജയങ്ങൾക്ക് സാക്ഷ്യം വഹിച്ച മണ്ഡലമാണ് അമ്പലപ്പുഴ. സിപിഎമ്മിലെ രണ്ട് ടേം നിബന്ധനയുടെ പേരിൽ നിലവിലെ എംഎല്‍എ ജി. സുധാകരനെ മത്സര രംഗത്ത് നിന്ന് മാറ്റി നിർത്തിയതു വഴി ഇത്തവണ ശ്രദ്ധേയമാകുകയാണ് അമ്പലപ്പുഴ മണ്ഡലം.

മണ്ഡലത്തിന്‍റെ ചരിത്രം

ചരിത്രപരമായി ഇരുമുന്നണികള്‍ക്കും വേരോട്ടമുണ്ടെങ്കിലും കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളായി ഇടതുമുന്നണിയുടെ ഉറപ്പേറിയ കോട്ടയായാണ് അമ്പലപ്പുഴ പരിഗണിക്കപ്പെടുന്നത്. എൽഡിഎഫിനോട് കൂടുതൽ അഭിമുഖ്യം പുലർത്തുന്ന മണ്ഡലമാണെങ്കിലും വലതുപക്ഷതോട് പ്രത്യേകത വിരോധമൊന്നും കാണിക്കാത്ത മണ്ഡലം കൂടിയാണ് അമ്പലപ്പുഴ. അതുകൊണ്ട് തന്നെ സുധാകരനില്ലാത്ത അമ്പലപ്പുഴയിൽ ജില്ലാ അധ്യക്ഷനെ തന്നെ ഇറക്കി ശക്തമായ പോരാട്ടത്തിന് തയ്യാറാകുകയാണ് കോൺഗ്രസ്.

മണ്ഡലത്തിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രം

1967 മുതലാണ് മണ്ഡലത്തിന്‍റെ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിന് തുടക്കമാകുന്നത് ആദ്യ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്‍റെ വി.എസ് അച്യുതാനന്ദൻ അമ്പലപ്പുഴയുടെ ആദ്യ എംഎൽഎ ആയി. 1970ലും വിഎസ് തന്നെയായിരുന്നു അമ്പലപ്പുഴയുടെ എംഎൽഎ. എന്നാൽ 1977-ൽ നടന്ന തെരഞ്ഞെടുപ്പ് കേരളത്തെ ഞെട്ടിച്ചു. സിപിഎം നേതാവ് വിഎസ് അച്യുതാനന്ദൻ ആദ്യമായി പരാജയപ്പെട്ട തെരഞ്ഞെടുപ്പായിരുന്നു അത്. 5585 വോട്ടുകൾക്ക് ആർഎസ്‌പിയുടെ കുമാരപ്പിള്ളയോടാണ് വിഎസ് പരാജയപെട്ടത്. ഇതോടെ വിഎസ് പാർലമെന്‍ററി രംഗത്ത് നിന്ന് മാറി പാർട്ടി സംഘടനരംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. 1980 -ൽ നടന്ന തെരഞ്ഞെടുപ്പിൽ പി.കെ ചന്ദ്രാനന്ദനിലൂടെ സിപിഎം മണ്ഡലം തിരിച്ചു പിടിച്ചു. എന്നാൽ 82 ലും 87 ലും മണ്ഡലം വി. ദിനകരനിലൂടെ അമ്പലപ്പുഴ കോൺഗ്രസിനൊപ്പം നിന്നു. 1991-ൽ സി.കെ സാദാശിവനിലൂടെ സിപിഎം മണ്ഡലം തിരിച്ചു പിടിച്ചു. 1996-ൽ സുശീല ഗോപാലൻ ഇവിടെ നിന്ന് വിജയിച്ച് നായനാർ മന്ത്രി സഭയിലെ വ്യവസായ വകുപ്പ് മന്ത്രിയായി. 2001-ൽ ഡി. സുഗതനിലൂടെ കോൺഗ്രസ് വീണ്ടും അമ്പലപ്പുഴയിൽ മൂവർണകൊടി പാറിച്ചു. എന്നാൽ 2006-ൽ മത്സരിക്കാൻ എത്തിയ ജി. സുധാകരൻ അമ്പലപ്പുഴയിൽ വീണ്ടും ചെങ്കൊടി പാറിച്ചു. ഒന്നല്ല തുടരെ നടന്ന മൂന്ന് തവണയും ജി. സുധാകരനിലൂടെ സിപിഎം മണ്ഡലം നിലനിർത്തി. സുധാകരനില്ലാത്ത തെരഞ്ഞെടുപ്പിനാണ് അമ്പലപ്പുഴ ഇത്തവണ സാക്ഷ്യം വഹിക്കുന്നത്.

2011 ലെ നിയമസഭാ തെരഞ്ഞെടുപ്പ്

79.63 ശതമാനം പോളിങ് നടന്ന തെരഞ്ഞെടുപ്പിൽ 1,16,966 പേർ വോട്ട് രേഖപെടുത്തി. 16,580 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കോൺഗ്രസിന്‍റെ എം.ലിജുവിനെ തോൽപിച്ച് ജി. സുധാകരൻ വീണ്ടും അമ്പലപ്പുഴയുടെ എംഎൽഎ ആയി. ആ തെരഞ്ഞെടുപ്പിൽ ജി.സുധാകരന് 63,728 (54.48)വോട്ടും, എം. ലിജുവിന് 47,148 (40.31) വോട്ടും ബിജെപിയുടെ പി.കെ വാസുദേവന് 2,668 (2.28) വോട്ടും ലഭിച്ചു.

2016 ലെ തെരഞ്ഞെടുപ്പ്

2016 ലെ വിജയി
2016 ലെ തെരഞ്ഞെടുപ്പ്

78.90 ശതമാനം പോളിങ് നടന്ന തെരഞ്ഞെടുപ്പിൽ 1,33,294 പേർ വോട്ടുകൾ രേഖപെടുത്തി. 22,621 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യുഡിഎഫിന്‍റെ ജെ.ഡി.യു സ്ഥാനാർഥി ഷേക്ക് പി ഹാരിസിനെ പരാജയപെടുത്തി മൂന്നാം വട്ടവും ജി. സുധാകരൻ അമ്പലപ്പുഴയുടെ എംഎൽഎ ആയി. ആ തെരഞ്ഞെടുപ്പിൽ ജി.സുധാകരന് 63,069 (47.32) വോട്ടുകളും ഷേക്ക് പി ഹാരിസിന് 40,448 (30.34) വോട്ടും ബിജെപിയുടെ എൽ.പി ജയചന്ദ്രന് 22,730 (17.05) വോട്ടും ലഭിച്ചു.

2020 ലെ തദ്ദേശം

മുഴുവൻ പഞ്ചായത്തുകളും എൽഡിഎഫ് ഭരിക്കുന്നു
ആലപ്പുഴ മുനിസിപ്പാലിറ്റി

ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ 20 മുതൽ 44 വരെ വാർഡുകളും അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, പുറക്കാട് എന്നീ പഞ്ചായത്തുകൾ ചേർന്ന ഒരു മണ്ഡലമാണ് അമ്പലപ്പുഴ നിയോജകമണ്ഡലം.

ആലപ്പുഴ മുനിസിപ്പാലിറ്റി

യുഡിഎഫ്-2 എൽഡിഎഫ്-20 എൻഡിഎ-1 മറ്റുളളവർ-2

ഗ്രാമപഞ്ചായത്ത്

മുഴുവൻ പഞ്ചായത്തുകളും എൽഡിഎഫ് ഭരിക്കുന്നു

എൽഡിഎഫ് : അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, പുറക്കാട്

2021 ലെ തെരഞ്ഞെടുപ്പ്

ജി.സുധാകരന്‍റെ പിൻഗാമിയായി യുവജനനേതാവ് എച്ച്.സലാമിനെയാണ് എല്‍ഡിഎഫ് മത്സര രംഗത്ത് ഇറക്കിയത്. യുഡിഎഫിനു വേണ്ടി ഡിസിസി അധ്യക്ഷൻ എം ലിജുവാണ് മത്സര രംഗത്തുള്ളത്. എൻഡിഎക്ക് വേണ്ടി യുവമോർച്ച ദേശീയ നേതാവ് അനൂപ് ആന്‍റണിയാണ് സ്ഥാനാർഥിയാകുന്നത്. 86,432 പുരുഷ വോട്ടർമാരും 92,191 സ്‌ത്രീ വോട്ടർമാരും ഉൾപ്പെടെ 1,78,623 വോട്ടർമാരാണ് മണ്ഡലത്തിൽ ഉളളത്.

ABOUT THE AUTHOR

...view details