പത്തനംതിട്ട: ഷെയര്‍ മാര്‍ക്കറ്റിന്‍റെ പേരില്‍ തട്ടിപ്പ് നടത്തി 32 ലക്ഷത്തിലധികം രൂപ തട്ടിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. പുറമറ്റം പടുതോട് കാവുങ്കല്‍ കെ.എസ്. അജീഷ് ബാബുവാണ് (42) അറസ്റ്റിലായത്. പുറമറ്റം കവുങ്ങും പ്രയാര്‍ ചിറക്കടവ് സിബി കുട്ടപ്പനാണ് തട്ടിപ്പിനിരയായത്.
കേസിലെ ഇടനിലക്കാരായ രണ്ട് പേര്‍ ഒളിവില്‍. വെള്ളിയാഴ്‌ചയാണ് അജീഷ് ബാബുവിനെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തത്. ഒരേ നാട്ടുകാരായ പ്രതിയും തട്ടിപ്പിനിരയായ സിബിയും ഷെയര്‍മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കുന്നവരാണ്. ഇരുവരും തമ്മിലുണ്ടായിരുന്ന ബന്ധം മുതലെടുത്താണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.
ഷെയര്‍ മാര്‍ക്കറ്റില്‍ നിന്ന് കൂടുതല്‍ ലാഭവിഹിതം നേടി തരാമെന്ന് പറഞ്ഞാണ് അജീഷ് സിബിയെ സ്വാധീനിച്ചത്. തുടര്‍ന്ന് ഷെയര്‍മാര്‍ക്കറ്റില്‍ നിക്ഷേപിക്കാനെന്ന വ്യാജേന സിബിയില്‍ നിന്ന് 32 ലക്ഷത്തില്‍ അധികം രൂപയാണ് അജീഷ് ആവശ്യപ്പെട്ടത്. 2017 സെപ്‌തംബര്‍ മുതല്‍ 2020 നവംബര്‍ 27 വരെ സിബിയുടെ ഫെഡറല്‍, സൗത്ത് ഇന്ത്യന്‍ ബാങ്കുകളിലുള്ള അക്കൗണ്ടില്‍ നിന്നും സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ വെണ്ണിക്കുളത്തെ ശാഖയിലെ ബാബുവിന്‍റെ അക്കൗണ്ടിലേക്കാണ് രണ്ട് തവണകളിലായി 3294000 രൂപ കൈമാറിയത്.