ജയ്‌പുര്‍ (രാജസ്ഥാന്‍): ട്രാഫിക് നിയമം ലംഘിച്ചുവെന്ന് കാണിച്ച് പൊലീസ് പിന്തുടര്‍ന്ന സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. ജയ്‌പുരിലെ മാനസരോവര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ന്യൂ സംഗനേര്‍ റോഡിലാണ് ട്രാഫിക് നിയമം ലംഘിച്ചുവെന്ന് കാണിച്ച് പൊലീസ് പിന്തുടര്‍ന്ന യുവതിയെ പിന്നാലെയെത്തിയ ലോറിയിടിച്ച് 200 അടിയോളം വലിച്ചിഴയ്‌ക്കുന്നത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ 28 കാരിയായ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് ദൃക്‌സാക്ഷികള്‍ പറയുന്നതിങ്ങനെ:ന്യൂ സംഗനേര്‍ റോഡില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ നിന്ന് വാഹനങ്ങള്‍ പരിശോധിച്ച് പിഴ ഈടാക്കുകയായിരുന്നു. ഈ സമയത്ത് സ്‌കൂട്ടിയിലെത്തിയ യുവതിയെ ട്രാഫിക് നിയമം ലംഘിച്ചുവെന്ന് കാണിച്ച് പൊലീസ് പിന്തുടര്‍ന്നു. ഇതെത്തുടര്‍ന്ന് വാഹനത്തിന്‍റെ നിയന്ത്രണംവിട്ട യുവതിയെ പിന്നാലെ എത്തിയ ലോറി ഇടിക്കുകയും റോഡിലൂടെ 200അടിയോളം വലിച്ചിഴയ്‌ക്കുകയുമായിരുന്നു. അതേസമയം പരിക്കേറ്റ ഇവരെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസുകാര്‍ ശ്രമിച്ചില്ലെന്നും കണ്ടുനിന്നവര്‍ ഓടിക്കൂടി ഇവരുമായി ആശുപത്രിയിലെത്തിയപ്പോഴേക്കും മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി.
'നിയന്ത്രണം'വിട്ടതോ:എന്നാല്‍ ജുന്‍ജുനു പ്രദേശത്ത് താമസിക്കുന്ന നീലം ചൗധരിയാണ് (28) മരണപ്പെട്ടതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. നീലം തന്‍റെ സഹോദരി അനിലയെ കാണാനായി എത്തിയതായിരുന്നു. തുടര്‍ന്ന് തന്‍റെ ഒന്നേകാല്‍ വയസ് പ്രായമുള്ള പെണ്‍കുഞ്ഞിന് സുഖമില്ലെന്നറിയിച്ചതിനെ തുടര്‍ന്ന് മടങ്ങവെയാണ് അപകടമുണ്ടാകുന്നത്. ഈ സമയത്ത് ഹെഡ് കോണ്‍സ്‌റ്റബിള്‍ സുശീല്‍, കോണ്‍സ്‌റ്റബിള്‍ സുമര്‍ എന്നിവര്‍ വാഹന പരിശോധന നടത്തി വരികയായിരുന്നു. വാഹനം തടയാന്‍ ശ്രമിച്ചതോടെ യുവതി നിയന്ത്രണംവിട്ട് ലോറിയുമായിടിച്ച് അപകടമുണ്ടാവുകയായിരുന്നു എന്നാണ് പൊലീസ് വിശദീകരണം.
'റോഡ് പിരിവ്' വിതച്ച അപകടമോ: അതേസമയം നീലം ചൗധരിയുടെ മരണത്തെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി. വാഹമോടിച്ചിരുന്ന നീലം ഹെല്‍മറ്റ് ധരിച്ചിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ അവര്‍ ഹെല്‍മറ്റ് ധരിച്ചിരുന്നുവെന്ന് തങ്ങളും ദൃക്‌സാക്ഷികളും കണ്ടതാണ്. വാഹനപരിശോധനയെ തുടര്‍ന്ന് പിഴ ഈടാക്കുന്നതിലെ കുറവ് നികത്താനുള്ള പൊലീസ് ശ്രമത്തിനിടെയാണ് യുവതിക്ക് ജീവന്‍ നഷ്‌ടമായതെന്നും കുടുംബം കുറ്റപ്പെടുത്തി.
പ്രതിഷേധം കനത്തതോടെ യുവതിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ജയ്‌പുര്‍ ജില്ല കലക്‌ടറും പൊലീസ് അധികൃതരും സംഭവ സ്ഥലത്ത് നേരിട്ടെത്തി ബന്ധുക്കളോട് സംസാരിച്ച ശേഷമാണ് മൃതദേഹം സംസ്‌കരിച്ചത്. അതേസമയം അപകടം നടന്നയുടനെ ലോറി ഡ്രൈവര്‍ വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടിരുന്നു.