ഹൈദരാബാദ്(തെലങ്കാന) : വീട്ടിൽ അതിക്രമിച്ച് കയറി ഒരു സംഘം യുവതിയെ തട്ടിക്കൊണ്ടുപോയതായി പരാതി. ഹൈദരാബാദിലെ ആദിഭട്ട്ലയിലാണ് സംഭവം. 50 പേരടങ്ങുന്ന സംഘമാണ് വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്.
വീട്ടിൽ അതിക്രമിച്ചുകയറി 50 അംഗസംഘം യുവതിയെ തട്ടിക്കൊണ്ടുപോയി ; പിന്നിൽ വിവാഹാഭ്യർഥന നടത്തിയ യുവാവെന്ന് സംശയം - വീട്ടിൽ അതിക്രമിച്ച് കയറി
ഹൈദരാബാദിലെ ആദിഭട്ട്ലയിലാണ് 50 പേരടങ്ങുന്ന സംഘം വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ തട്ടിക്കൊണ്ടുപോവുകയും മോഷണം നടത്തുകയും ചെയ്‌തത്
വീടിന്‍റെ ഒന്നാം നിലയിലേക്ക് അതിക്രമിച്ച് കയറിയ സംഘം യുവതിയെ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. ചെറുക്കാൻ ശ്രമിച്ച ബന്ധുക്കളെയും അയൽവാസികളെയും സംഘം ആക്രമിച്ചതായി യുവതിയുടെ മാതാപിതാക്കൾ പറഞ്ഞു. യുവതിയെ തട്ടിക്കൊണ്ടുപോകുന്നതിന് മുൻപ് വീട്ടിലെ ഉപകരണങ്ങൾ നശിപ്പിക്കുകയും വിലപിടിപ്പുള്ള വസ്‌തുക്കൾ സംഘം മോഷ്‌ടിക്കുകയും ചെയ്‌തു.
വീടിന് പുറത്തായി പാർക്ക് ചെയ്‌തിരുന്ന വാഹനങ്ങൾ അക്രമി സംഘം നശിപ്പിച്ച നിലയിലുമാണ്. മകളോട് വിവാഹാഭ്യർഥന നടത്തിയ ബന്ധുവായ യുവാവാണ് ഇതിന് പിന്നിലെന്നാണ് സംശയമെന്ന് യുവതിയുടെ അമ്മ പറഞ്ഞു. കൃത്യസമയത്ത് പൊലീസ് വേണ്ട നടപടി എടുത്തില്ലെന്നും ഇവർ ആരോപിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.