സിതാപൂർ(ഉത്തർ പ്രദേശ്) : ശാസിച്ചതിന് ഉത്തർപ്രദേശിൽ 12ാം ക്ലാസ് വിദ്യാർഥി അധ്യാപകന് നേരെ വെടിയുതിർത്തു. ഉത്തർപ്രദേശിലെ സീതാപൂരിലാണ് സംഭവം. 12ാം ക്ലാസ് വിദ്യാർഥി ഗുരീന്ദർ സിങ്ങാണ് അധ്യാപകന് നേരെ വെടിയുതിർത്തത്.
വഴക്കിട്ടതിന് ശകാരിച്ചു ; 12ാം ക്ലാസ് വിദ്യാർഥി അധ്യാപകനെ മൂന്ന് തവണ വെടിവച്ചു, ഗുരുതര പരിക്ക് - വിദ്യാർഥി
സഹപാഠിയുമായി ഉണ്ടായ തർക്കത്തിൽ വഴക്കുപറഞ്ഞതിനാണ് വിദ്യാർഥി അധ്യാപകന് നേരെ വെടിയുതിർത്തത്. ഉത്തർപ്രദേശിലെ സീതാപൂരിലാണ് സംഭവം
സ്‌കൂൾ പ്രിൻസിപ്പൽ രാം സിങ് വർമയ്ക്കാണ് വെടിയേറ്റത്. ക്ലാസിലെ മറ്റൊരു വിദ്യാർഥിയുമായി വഴക്കിട്ടതിന് ഗുരീന്ദറിനെ അധ്യാപകൻ ശകാരിച്ചിരുന്നു. ഇതിന്‍റെ ദേഷ്യത്തിലാണ് അധ്യാപകന് നേരെ വിദ്യാർഥി വെടിയുതിർത്തത്. മൂന്ന് തവണ വെടിയുതിർത്ത ശേഷം വിദ്യാർഥി തോക്കുമായി രക്ഷപ്പെട്ടു.
ഗുരുതരമായി പരിക്കേറ്റ അധ്യാപകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് രാജീവ് ദീക്ഷിത് പറഞ്ഞു. വിദഗ്‌ധ ചികിത്സയ്ക്കായി അധ്യാപകനെ ലഖ്‌നൗവിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തു.