കണ്ണൂര്‍:അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയും എനി ടൈം മണിയുടെ ഡയറക്‌ടറുമായ തൃശൂര്‍ വടക്കോട് സ്വദേശി ആന്‍റണി സണ്ണിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ വൈകിട്ടോടെ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ ഇയാളെ കമ്മിഷണറുടെ ഓഫിസിലെത്തിച്ച് വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളുടെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്.
ഇതോടെ കേസില്‍ ആകെ പിടിയിലായവരുടെ എണ്ണം അഞ്ചായി. നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നും മൂന്നും പ്രതികളും കമ്പനിയുടെ ഡയറക്‌ടര്‍മാരുമായ കുന്നത്ത് പീടികയില്‍ ഗഫൂര്‍, ചങ്ങരംകുളം മേലെയിടത്ത് ഷൗക്കത്ത്, കമ്പനി മാനേജര്‍ പ്രതീഷ്, അസിസ്റ്റന്‍റ് മാനേജര്‍ സിവി ജീന എന്നിവരെ നേരത്തെ തന്നെ അന്വേഷണ സംഘം പിടികൂടിയിരുന്നു. ആന്‍റണി സണ്ണി പണം തട്ടിയെടുത്തതിനാലാണ് കമ്പനി നഷ്‌ടത്തിലായതെന്ന് ഗഫൂര്‍, ജീന എന്നിവര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.
അതേസമയം, ആന്‍റണി സണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കേടതി നേരത്തെ തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് ഇയാള്‍ കഴിഞ്ഞ ദിവസം പൊലീസില്‍ കീഴടങ്ങിയത്. സുഹൃത്തിനോടൊപ്പമായിരുന്നു ഇയാള്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്.
കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, ഗുജറാത്ത്, മഹാരാഷ്‌ട്ര, ഡല്‍ഹി എന്നിവിടങ്ങളിലായി ശാഖകളുള്ള എനി ടൈം മണി എന്ന ധനകാര്യ സ്ഥാപനത്തിലൂടെ നൂറ് കണക്കിന് ആളുകളാണ് വഞ്ചിതരായത്. അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നിലവില്‍ 90 കേസുകളാണുള്ളത്. ഇതില്‍ 23 കേസുകളുടെ അന്വേഷണ ചുമതല ക്രൈം ബ്രാഞ്ച് ഇതിനോടകം തന്നെ ഏറ്റെടുത്ത് കഴിഞ്ഞു.
ക്രൈം ബ്രാഞ്ചിന്‍റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിനാണ് അന്വേഷണ ചുമതല. സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവിനെ തുടര്‍ന്നായിരുന്നു നടപടി. അതേസമയം ശേഷിക്കുന്ന 67 കേസുകള്‍ കൂടി ക്രൈംബ്രാഞ്ച് ഏറ്റെടുക്കാനാണ് സാധ്യത. ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ണൂര്‍ എസ് പി എം പ്രദീപ്‌കുമാറിന്‍റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്‌പി മധുസൂദനന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.