തിരുവനന്തപുരം:ഇടപ്പഴഞ്ഞിയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി മോഷണശ്രമം. ഇന്നലെ(22.08.2022) ഉച്ചയ്‌ക്ക് 12 മണിയോടെ ഇടപ്പഴഞ്ഞി സിഎസ്എം നഗറിലെ വീട്ടിലാണ് രണ്ട് പേർ തോക്കുമായി എത്തി മോഷണശ്രമം നടത്തിയത്. മലയിന്‍കീഴ് ഗേള്‍സ് ഹൈസ്‌കൂളിലെ പ്രഥമാധ്യാപിക സിന്ധുവിന്‍റെ വീട് കുത്തിത്തുറക്കാനായിരുന്നു മോഷ്‌ടാക്കളുടെ ശ്രമം.
സമീപത്ത് തന്നെ താമസിക്കുന്ന ഇവരുടെ ഡ്രൈവര്‍ ലാല്‍ ഓടിയെത്തി അക്രമികളെ ചോദ്യം ചെയ്യുകയും സ്‌കൂട്ടറിന്‍റെ താക്കോല്‍ ഊരിയെടുക്കുകയും ചെയ്‌തതോടെ അക്രമികളിലൊരാള്‍ തോക്കു ചൂണ്ടി ലാലിനെ ഭീഷണിപ്പെടുത്തി. തുടർന്ന് ലാൽ ഓടി രക്ഷപ്പെട്ടതോടെ അക്രമികള്‍ സ്‌കൂട്ടര്‍ ഉരുട്ടിക്കൊണ്ട് സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടു. പിന്നാലെ, ഇവരുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കൈമാറിയതോടെ അക്രമികൾക്കായുള്ള തെരച്ചിൽ പൊലീസ് ആരംഭിച്ചു.