ഹൈദരാബാദ് (തെലങ്കാന): ഹൈദരാബാദിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലോഡ്‌ജിലെത്തിച്ച് ലഹരിമരുന്ന് നൽകി പീഡിപ്പിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ. സയ്യിദ് നൈമത്ത് അഹമ്മദ്(26), സയ്യിദ് രവീഷ് അഹമ്മദ് മെഹ്‌ദി(20) എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയെ കബളിപ്പിച്ച് കാറിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു.
ലോഡ്‌ജിൽ രണ്ടു ദിവസത്തോളം ക്രൂരമായ പീഡനം: 14 വയസുകാരിയെ കബളിപ്പിച്ചാണ് വീട്ടിൽ നിന്ന് ലോഡ്‌ജിലേക്ക് കൊണ്ടുപോയത്. പെൺകുട്ടിയുടെ പരിചയക്കാരനാണ് പ്രതികളിൽ ഒരാളായ സയ്യിദ് രവീഷ്. ലോഡ്‌ജിൽ എത്തിയ ശേഷം പെൺകുട്ടിക്ക് മയക്കുമരുന്ന് നൽകി രണ്ട് ദിവസത്തോളം ഇരുവരും പീഡിപ്പിച്ചു. തുടർന്ന് അവശയായ പെൺകുട്ടിയെ വീടിന് സമീപം ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു. മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് പ്രതികളെ പിടികൂടി. പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയ ക്വാളിസ് കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
അപകടം വന്ന വഴി:വീട്ടുജോലിക്കാരായ ദമ്പതികളും മകളും ചഞ്ചൽഗുഡയിലാണ് താമസിക്കുന്നത്. റെയിൻബസാർ സ്വദേശിയായ സയ്യിദ് രവീഷ് അഹമ്മദ് മെഹ്‌ദിയുമായി (20) പെൺകുട്ടിക്ക് പരിചയമുണ്ടായിരുന്നു. സെപ്‌റ്റംബർ 12ന് രാത്രി 8 മണിക്ക് വീടിന് മുന്നിൽ പെൺകുട്ടിയെ കണ്ടതിനെ തുടർന്ന് രവീഷും സുഹൃത്ത് സയ്യിദ് നൈമത്ത് അഹമ്മദും (26) കാർ അവിടെ നിർത്തി പെൺകുട്ടിയോട് സംസാരിച്ചു. പരിചയക്കാരായതിനാൽ പെൺകുട്ടിയും സംസാരിച്ചു. ഉടനെ ഇറക്കിത്തരാമെന്ന് പറഞ്ഞ് പെൺകുട്ടിയെ തന്ത്രപരമായി കാറിൽ കയറ്റി നമ്പള്ളിയിലെ ഹോട്ടലിലേക്ക് കൊണ്ടുപോയി. എന്നാൽ, യുവാക്കളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ ഇവർക്ക് റൂം കൊടുത്തില്ല. തുടർന്ന് പെൺകുട്ടിയെ മറ്റൊരു ഹോട്ടലിൽ എത്തിച്ച് മയക്കുമരുന്ന് നൽകി പലതവണ പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.