കണ്ണൂർ:വിദ്യാർഥികളെ ലൈംഗികമായ പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകൻ അറസ്‌റ്റിൽ. തളിപ്പറമ്പ് സ്‌കൂളിലെ അധ്യാപകൻ മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫൈസൽ മേച്ചേരിയാണ് അറസ്‌റ്റിലായത്. 17 ഓളം വിദ്യാർഥികളാണ് അധ്യാപകനെതിരെ പരാതി നൽകിയത്.
സ്‌കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെയാണ് വിദ്യാർഥികൾ പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് സ്‌കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
നാല് വർഷമായി ഇതേ സ്‌കൂളിൽ ജോലി ചെയ്‌ത് വരികയാണ് ഫൈസൽ. മറ്റൊരു സ്‌കൂളിൽ നിന്നും സ്ഥലമാറ്റം ലഭിച്ച് ഇവിടെ എത്തിയതാണ്. നിലവിൽ അഞ്ച് കേസുകളാണ് ഇയാൾക്കെതിരെ തളിപ്പറമ്പ് പൊലീസ് എടുത്തിരിക്കുന്നത്. എന്നാൽ 17 ഓളം വിദ്യാർഥികൾ ഇയാൾക്കെതിരെ പരാതിയുമായി എത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
മറ്റ് വിദ്യാർഥികളുടെ പരാതികൾ കേട്ട് കൂടുതൽ കേസ് എടുക്കുമെന്ന് പൊലീസ് അറിയിച്ചു. നേരത്തെ ഫൈസല്‍ പ്രവർത്തിച്ച സ്‌കൂളിലും സമാന രീതിയിലുള്ള പരാതികൾ ഉയർന്നിരുന്നു.