എറണാകുളം : തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്‌ന സുരേഷിന്‍റെ അഭിഭാഷകൻ ആർ. കൃഷ്‌ണരാജ് കോടതിയില്‍. കെ.എസ്.ആർ.ടി.സി ഡ്രൈവറെ വേഷത്തിന്‍റെ പേരിൽ അധിക്ഷേപിച്ച് മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലെ വാദത്തിനിടെയാണ് ഈ കാര്യം അറിയിച്ചത്. തനിക്ക് ജാമ്യം അനുവദിക്കണം, അല്ലാത്ത പക്ഷം താൻ കുറ്റക്കാരനാണെന്ന് വ്യാഖ്യാനിക്കപ്പെടാമെന്നും ഇത് ജീവന് ഭീഷണിയാണെന്നും കൃഷ്‌ണരാജ് വാദിച്ചു.
ഉദയ്‌പൂർ സംഭവമുൾപ്പടെ ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്. തനിക്കെതിരെ നിയമസഭയിൽ ഉൾപ്പടെ വിമർശനമുണ്ടായതായും ഹർജിക്കാരൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഏത് ജാമ്യ വ്യവസ്ഥയും അംഗീകരിക്കാമെന്നും അന്വേഷണവുമായി പൂർണമായും സഹകരിക്കാമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം കൃഷ്‌ണരാജിന് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു.