ബെംഗളൂരു:ബാറിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നുള്ള ആക്രമണത്തില്‍ യുവാവിന്‍റെ അറ്റുപോയ കൈപ്പത്തിയുമായി കടന്നുകളഞ്ഞ് തെരുവ് നായ. മഹാബലിപുരം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള കുറുബറഹള്ളിയിലാണ് സംഘം തിരിഞ്ഞുള്ള വാക്കേറ്റത്തെ തുടര്‍ന്ന് 21 കാരനായ പ്രജ്വല്‍ എന്ന യുവാവിന്‍റെ കൈപ്പത്തി വെട്ടിമാറ്റിയത്. സംഭവത്തില്‍ പൊലീസ് ഇടപെട്ടുവെങ്കിലും യുവാവിന്‍റെ കൈപ്പത്തി കണ്ടെത്താനായില്ല.
രണ്ടാം പ്രതി 'തെരുവ് നായ'; ബെംഗളൂരുവില്‍ ബാറിലെ ആക്രമണത്തില്‍ യുവാവിന്‍റെ അറ്റുപോയ കൈപ്പത്തിയുമായി കടന്നുകളഞ്ഞ് തെരുവ് നായ സിസിടിവി കണ്ടു: ഒക്‌ടോബർ 29 നാണ് സംഭവം നടക്കുന്നത്. ബിബിഎം വിദ്യാർത്ഥിയായ പ്രജ്വൽ രാത്രി സുഹൃത്ത് യോഗേഷിനൊപ്പം കുറുബറഹള്ളി പ്രദേശത്തെ ഒരു ബാറിലെത്തി. ഇവിടെ വച്ച് സുഹൃത്തുക്കളോടൊപ്പം മദ്യപിക്കാനെത്തിയ ഹരീഷുമായി ഇവര്‍ വാക്കേറ്റമുണ്ടായി.
ഇവര്‍ തമ്മിലുള്ള തര്‍ക്കം മൂര്‍ച്ഛിച്ചതോടെ സ്ഥിതിഗതികളുടെ ഗൗരവം മനസ്സിലാക്കി ബാറുടമ ഇവരെ അവിടെ നിന്നും ഇറക്കിവിടുകയായിരുന്നു. എന്നാല്‍ രാത്രി 12.30 ഓടെ പ്രജ്വലും സുഹൃത്തുക്കളും ഒരു കടയ്ക്ക് സമീപം നില്‍ക്കുമ്പോള്‍ ഹരീഷും സുഹൃത്തുക്കളും ഇവിടേക്ക് കാറിലെത്തി ആക്രമിക്കുകയായിരുന്നു. വെട്ടുകത്തി കൊണ്ടുള്ള ആക്രമണത്തില്‍ പ്രജ്വലിന്‍റെ ഇടതുകൈയ്യിലെ കൈപ്പത്തി അറ്റുപോയി.
ഇതോടെ സംഭവസ്ഥലത്ത് വീണ് അബോധാവസ്ഥയിലായ ഇയാളെ ഉടനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പൊലീസ് മൊഴിയെടുത്തപ്പോള്‍ ജെസിബി മെഷീനില്‍ കൈ തട്ടി അറ്റുപോയതെന്നാണ് പ്രജ്വല്‍ അറിയിച്ചത്. എന്നാല്‍ മൊഴിയില്‍ പൊരുത്തക്കേടുകള്‍ തോന്നിയ പൊലീസ് തുടര്‍ന്നും ചോദ്യം ചെയ്യുന്നതിനിടെയാണ് ആക്രമണസംഭവം യുവാവ് വെളിപ്പെടുത്തിയത്. തന്‍റെ അറ്റുപോയ കൈപ്പത്തി അക്രമികള്‍ കൊണ്ടുപോയതാകാമെന്നും പ്രജ്വല്‍ മൊഴി നല്‍കി.
ഇതെത്തുടര്‍ന്ന് സംഭവസ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വെട്ടിമാറ്റിയ കൈപ്പത്തി തെരുവ് നായ കൊണ്ടുപോകുന്നത് കണ്ടെത്തിയത്. തുടര്‍ന്ന് കാണാതായ കൈപ്പത്തി കണ്ടെത്താനായി തെരുവ് നായയ്‌ക്കായി പൊലീസ് ഡോഗ് സ്ക്വാഡിന്‍റെ സഹായവും തേടിയെങ്കിലും ശ്രമം പാഴായി. നിലവില്‍ പരിക്കേറ്റ പ്രജ്വൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഹരീഷിനെ ബെംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ടിൽ നിന്ന് പൊലീസ് പിടികൂടി.