ന്യൂഡല്‍ഹി: പെണ്‍സുഹൃത്തിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി 35 കഷ്‌ണങ്ങളാക്കി ഫ്രിഡ്‌ജില്‍ സൂക്ഷിക്കുകയും വിവിധയിടങ്ങളില്‍ ഉപേക്ഷിക്കുകയും ചെയ്‌ത ശ്രദ്ധ വാക്കര്‍ കൊലക്കേസിലെ പ്രതി അഫ്‌താബ് അമിൻ പൂനാവാലയ്‌ക്ക് ജയിലില്‍ പുസ്‌തകമെത്തിച്ചു നല്‍കി പൊലീസ്. അഫ്‌താബിന്‍റെ അഭ്യര്‍ഥന പ്രകാരം അമേരിക്കന്‍ സാഹിത്യകാരന്‍ പോള്‍ തെറോക്‌സിന്‍റെ 'ദി ഗ്രേറ്റ് റെയിൽവേ ബസാര്‍' എന്ന നോവലാണ് തിഹാര്‍ ജയില്‍ അധികൃതര്‍ എത്തിച്ചു നല്‍കിയത്. അതേസമയം പുസ്‌തകം കുറ്റകൃത്യങ്ങളെ അടിസ്ഥാനമുള്ളതോ മറ്റുള്ളവര്‍ക്ക് ദോഷം വരുത്തുന്ന തരത്തിലുള്ള ഉള്ളടക്കമുള്ളതോ അല്ലാത്തതിനാലാണ് എത്തിച്ചു നല്‍കിയതെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി.
'പിടികൊടുക്കാതെ' അഫ്‌താബ്:ജയിലില്‍ നിരന്തരം അഫ്‌താബ് ചെസ് കളിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതായുള്ള ജയില്‍ അധികൃതരുടെ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. അഫ്‌താബ് സെല്ലിലെ സഹതടവുകാരായ മോഷണക്കേസ് പ്രതികളോട് യാതൊന്നും സംസാരിക്കാറില്ലെന്നും ഏകാന്തതയില്‍ മുഴുകാന്‍ ഇഷ്‌ടപ്പെടുന്നതായും ഈ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ഇതില്‍ നിന്നെല്ലാം തന്നെ അഫ്‌താബ് മികച്ച കൗശലക്കാരനാണെന്ന് വ്യക്തമായതായും അന്വേഷണത്തില്‍ വഴിത്തിരിവുകള്‍ക്കായി കാത്തിരിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥരും പറഞ്ഞിരുന്നു.