ന്യൂഡല്‍ഹി:സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി ആളുകളുമായി ബന്ധം സ്ഥാപിച്ച് ലൈംഗിക ചൂഷണത്തിനിരയാക്കി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ രണ്ട് പേര്‍ അറസ്റ്റില്‍. സഹോദരന്മാരായ അഹമ്മദ് ഖാന്‍, ആമിര്‍ ഖാന്‍ എന്നിവരാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് വ്യാഴാഴ്‌ച(28.07.2022) ഇരുവരെയും പിടികൂടിയത്.
ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ കബളിപ്പിച്ച് പണം തട്ടിയ യുവാവ് ഡല്‍ഹി പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയപ്പോഴാണ് പ്രതികള്‍ പിടിയിലായത്. യുവാവില്‍ നിന്ന് 12,42,850 രൂപയാണ് ഇരുവരും തട്ടിയെടുത്തത്. സ്‌ത്രീകളുടെ വ്യാജ പ്രൊഫൈലുകളുണ്ടാക്കി സോഷ്യല്‍ മീഡിയ വഴി നിരവധി ആളുകളുമായി ബന്ധം സ്ഥാപിക്കും.
ബന്ധം സ്ഥാപിച്ച് കുറച്ച് നാളുകള്‍ പിന്നിടുമ്പോള്‍ വീഡിയോ കോള്‍ വിളിക്കുകയും അവരുമായി നിര്‍ബന്ധിപ്പിച്ച് ലൈംഗിക ചെയ്‌തികളില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെടുകയും ചെയ്യും. തുടര്‍ന്ന് ഇത്തരം സംഭവങ്ങള്‍ രഹസ്യമായി റെക്കോര്‍ഡ് ചെയ്യും. പിന്നീട് ഇത്തരം ആളുകളില്‍ നിന്ന് പണം ആവശ്യപ്പെടും.