പത്തനംതിട്ട:വെച്ചൂച്ചിറയിൽ വീടിന്‍റെ മുറ്റത്ത് സൈക്കിള്‍ ചവിട്ടി കളിച്ചുകൊണ്ടിരുന്ന രണ്ടുവയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച നാടോടികള്‍ അറസ്റ്റില്‍. മധ്യപ്രദേശ് സ്വദേശികളായ നങ്കുസിങ് (27), സോണിയ ദുവ്വെ (27) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കൊല്ലമുള വെണ്‍കുറിഞ്ഞി പുള്ളോലിക്കല്‍ വീട്ടില്‍ കിരണിന്‍റെയും സൗമ്യയുടെയും മകന്‍ വൈഷ്‌ണവിനെയാണ് പ്രതികള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.
ഇന്ന് (08-07-2022) രാവിലെയാണ് സംഭവം. കുട്ടി വീട്ടുമുറ്റത്ത് നിന്ന് കളിക്കുന്നത് കണ്ട അമ്മ സൗമ്യ വീട്ടുജോലികളില്‍ ഏര്‍പ്പെടുകയായിരുന്നു. അല്‍പം കഴിഞ്ഞ് മുറ്റത്ത് അനക്കം കേള്‍ക്കാതെയിരുന്നപ്പോള്‍ സംശയം തോന്നിയ സൗമ്യയും കുട്ടിയുടെ വല്യമ്മയും പരിസരമാകെ തെരഞ്ഞുവെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല.
കുട്ടി കളിച്ചുകൊണ്ടിരുന്ന സൈക്കിള്‍ വീടിനുമുന്നിലെ റോഡില്‍ മറിഞ്ഞുകിടക്കുന്നുണ്ടായിരുന്നു. പിന്നാലെ ബഹളം വച്ച് ഇരുവരും രണ്ടുഭാഗത്തേക്ക് കുട്ടിയെ അന്വേഷിച്ച് പോയി. സൗമ്യയുടെ ഭര്‍തൃമാതവും ഈ സമയം വീട്ടിലുണ്ടായിരുന്നു.
ഇതിനിടെ വീട്ടില്‍ നിന്നും 150 മീറ്റര്‍ മാറി രണ്ടുപേര്‍ കുട്ടിയുടെ കൈയില്‍ പിടിച്ചു നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ സംശയം തോന്നി നാടോടികളെ തടഞ്ഞു നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ പൊലീസ് ഇരുവരെയും സ്‌റ്റേഷനില്‍ കൂട്ടിക്കൊണ്ടുപോയി വിശദമായി ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിക്രമിച്ചു കടക്കലിനും തട്ടിക്കൊണ്ടു പോകലിനും പുറമെ ബാലനീതി നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളും ചേര്‍ത്ത് അന്വേഷണം ഊര്‍ജിതപ്പെടുത്താനും, ഇവര്‍ക്കൊപ്പം വേറെയും അംഗങ്ങള്‍ ഉണ്ടോ എന്നതും വിശദമായി അന്വേഷിക്കാനും നിര്‍ദേശിച്ചിട്ടുണ്ടെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു.