ആലപ്പുഴ:വാളുമായി സ്‌കൂട്ടറില്‍ യാത്ര ചെയ്‌തയാളെ പിന്തുടർന്ന് പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു. ആലപ്പുഴ നൂറനാട് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്‌ഒയുടെ ചാര്‍ജുള്ള എസ്ഐ വിആര്‍ അരുണ്‍ കുമാറിനാണ് (37) പരിക്കേറ്റത്. നൂറനാട് മുതുകാട്ടുകര എള്ളുംവിളയില്‍ സുഗതന്‍ (48) ആണ് ആക്രമണം നടത്തിയത്.
ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഞായറാഴ്ച (12.06.22) വൈകുന്നേരം ആറ് മണിയോടെ നൂറനാട് പൊലീസ് സ്റ്റേഷനു സമീപം പാറ ജംഗ്ഷനില്‍ വച്ചായിരുന്നു സംഭവം. വൈകിട്ട് പട്രോളിങ് ഡ്യൂട്ടിക്കായി എസ് ഐ ജീപ്പില്‍ വരുന്നതിനിടെ പ്രതിയെ കാണുകയും വാഹനം നിര്‍ത്തുകയുമായിരുന്നു. ഉടൻ തന്നെ അക്രമി വാള്‍ എടുത്ത് ഉദ്യോഗസ്ഥന് നേരെ വീശി.