കര്‍ണാടക അതിര്‍ത്തി ചെക്ക് പോസ്റ്റ് കാസർകോട്:കർണാടക അതിർത്തി കടന്ന് കേരളത്തിലേക്ക് മദ്യക്കടത്ത് വ്യാപകമാകുന്നു. അതിര്‍ത്തി വഴി കടത്താന്‍ ശ്രമിച്ച ഏഴായിരം ലിറ്ററിലധികം മദ്യമാണ് എക്‌സൈസ് ഈ വര്‍ഷം പിടികൂടിയത്. ജില്ലയില്‍ നിന്ന് കണ്ടെടുത്ത 9110 ലിറ്റർ മദ്യത്തില്‍ 7,078 ലിറ്റർ കർണാടകയില്‍ നിന്നെത്തിച്ച മദ്യമാണെന്നും എക്‌സൈസ് പറഞ്ഞു.
മദ്യക്കടത്തുമായി ബന്ധപ്പെട്ട് 879 കേസുകളാണ് ഈ വർഷം മാത്രം രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. മദ്യക്കടത്തുമായി ബന്ധപ്പെട്ട് 483 പേര്‍ക്കെതിരെ കേസെടുക്കുകയും 83 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്‌തു. മഞ്ചേശ്വരം, പെർള ചെക്പോസ്റ്റുകളിലൂടെയാണ് കൂടുതലായും കേരളത്തിലേക്ക് മദ്യം കടത്തുന്നത്.
ചെക്പോസ്റ്റുകളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് മദ്യക്കടത്ത് വര്‍ധിക്കാന്‍ കാരണമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. ചെക്ക് പോസ്‌റ്റുകളില്‍ പരിശോധന ശക്തമാക്കിയാലും ഊടുവഴികളിലൂടെയും പഴം പച്ചക്കറി ലോഡുകള്‍ക്കിടയിലൊളിപ്പിച്ചും വ്യാപകമായി മദ്യക്കടത്ത് നടക്കുന്നുണ്ട്. മംഗളൂരുവില്‍ നിന്ന് ട്രെയിന്‍ വഴിയും മദ്യം എത്തിക്കുന്നുണ്ട്.
ട്രെയിനില്‍ സീറ്റിന് അടിയില്‍ ഒളിപ്പിച്ചാണ് മദ്യം കടത്തുന്നത്. കർണാടകയിൽ 50 രൂപയ്ക്ക് ലഭിക്കുന്ന പാക്കറ്റ് മദ്യം കേരളത്തില്‍ വില്‍ക്കുന്നത് 150-200 രൂപയ്ക്കാണ്. ഇതിനും ആവശ്യക്കാർ ഏറെയാണ്. സ്‌പിരിറ്റ് കടത്തിക്കൊണ്ട് വന്ന് കളര്‍ ചേര്‍ത്ത് വിദേശ മദ്യമാക്കി വില്‍ക്കുന്ന സംഘങ്ങളും ജില്ലയില്‍ സജീവമാണ്.