കോഴിക്കോട്:മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്‍റേത് ആത്മഹത്യയാണെന്ന് ഡോക്‌ടറുടെ മൊഴി. ശാരീരികമായി ഒരു തരത്തിലുള്ള ക്ഷതവുമേറ്റതായി പോസ്‌റ്റ്‌മോർട്ടത്തിൽ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പൊലീസിന് കൈമാറിയ റിപ്പോർട്ടിൽ പറയുന്നു. അതേസമയം പൊലീസിന്‍റെ ഭാഗത്ത് നിന്നുള്ള പരിശോധന തുടരുകയാണ്.
മരിച്ച വിശ്വനാഥന്‍റെ ശരീരത്തില്‍ ആറ് മുറിവുകളാണുള്ളത്. മര്‍ദനമേറ്റ പാടുകളില്ല. ശരീരത്തിലെ മുറിവുകള്‍ മരത്തില്‍ കയറുമ്പോള്‍ ഉണ്ടായതെന്ന് ഫൊറന്‍സിക് സര്‍ജന്‍ വിശദീകരിച്ചു. സംഭവത്തില്‍ മെഡിക്കൽ സെക്യൂരിറ്റി ജീവനക്കാരെ ചോദ്യം ചെയ്തു വരികയാണ്. വിശ്വനാഥൻ മരിച്ച ദിവസം ആശുപത്രി പരിസരത്ത് ഉണ്ടായിരുന്നവരെ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്. ഭാര്യയുടെ പ്രസവത്തിനായി മെഡിക്കൽ കോളജിലെത്തിയപ്പോൾ മോഷണം നടത്തിയെന്ന് ആരോപിക്കപ്പെട്ട ആദിവാസി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയ കേസെടുത്തിരുന്നു. മെഡിക്കൽ കോളജ് പൊലീസ് അസിസ്‌റ്റന്‍റ് കമ്മിഷണറും മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടും അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു. കേസ് ഫെബ്രുവരി 21 ന് പരിഗണിക്കും.