തിരുവനന്തപുരം: കോവളത്ത് വിദേശ വനിത ലിഗ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ ഉദയൻ, ഉമേഷ് എന്നിവരെ സാക്ഷികള്‍ തിരിച്ചറിഞ്ഞു. കേസിലെ മൂന്നും, നാലും സാക്ഷികളായ സൂരജ്, ലാലു എന്നിവരാണ് പ്രതികളെ കോടതിയിൽ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം ലിഗയുടെ സഹോദരി അടക്കമുള്ള സാക്ഷികളെ വിസ്‌തരിച്ചിരുന്നെങ്കിലും പ്രതികളെ തിരിച്ചറിഞ്ഞിരുന്നില്ല. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷൻസ് കോടതിയാണ് വിചാരണ പരിഗണിക്കുന്നത്.
സൂരജിന്‍റെ മൊഴി: സുഹൃത്തിന്‍റെ വിവാഹ ചടങ്ങിന് പോകാൻ പണം ഇല്ലാത്തതു കൊണ്ട് മറ്റൊരു സുഹൃത്തിന്‍റെ പക്കൽ നിന്നും പണം കടം വാങ്ങാനായി തന്‍റെ വള്ളം തുഴഞ്ഞ് പോകുകയായിരുന്നു. ചീലാന്തി കാടിനടുത്തെത്തിയപ്പോൾ വല്ലാത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടു. തൊട്ടടുത്തായി മീനുകളെ വളർത്തുന്ന കുട്ടകൾ വെള്ളത്തിൽ ഇട്ടിരുന്നു. മീൻ ചീഞ്ഞ് ദുര്‍ഗന്ധം വരുന്നതാകാം എന്നു കരുതി കുട്ട പൊക്കി നോക്കിയപ്പോൾ ഒന്നും കണ്ടില്ല.
കല്യാണത്തിന് പോകാനുള്ള തിടുക്കം കാരണം വേഗത്തിൽ അവിടെനിന്നും പോയി. വഴിക്ക് വച്ച് പ്രതികളെ കാണുകയും അവരോട് ചീലാന്തി കാട്ടിൽ നിന്നും ദുര്‍ഗന്ധം വരുന്ന കാര്യം പറയുകയും ചെയ്‌തു. ദുര്‍ഗന്ധം വരുന്നത് അന്വേഷിക്കാന്‍ അവിടെ വരെ പോകാമെന്ന് പറഞ്ഞപ്പോള്‍ പ്രതികൾ അവിടെ നീര്‍നായ ഉണ്ടാകുമെന്ന് പറഞ്ഞ് വിലക്കി. സംഭവത്തിന് ശേഷം സൂരജ് അപകടം പറ്റി കിടപ്പിലായി. ആ സമയത്താണ് വാര്‍ത്തയിലൂടെ ലിഗയെ കാണാതായ വിവരവും മൃതദേഹം കണ്ടെത്തിയ വിവരവും അറിയുന്നത്. പ്രതികൾ രണ്ടു പേരും സൂരജിന്‍റെ സുഹൃത്തുക്കളാണ്.