കാസർകോട്: തൃക്കരിപ്പൂർ വയലോടി സ്വദേശി പ്രീജേഷിന്‍റെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പൊറപ്പാട് സ്വദേശി മുഹമ്മദ് സഫ്‌വാനാണ് (24) അറസ്റ്റിലായത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
തിരിച്ചറിഞ്ഞ ബാക്കി മൂന്നു പ്രതികളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഡിസംബർ അഞ്ചിന് രാവിലെയാണ് പ്രീജേഷിനെ വീട്ടിനടുത്ത പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രീജേഷ് ഒരു വീടിന്‍റെ പരിസരത്ത് പതുങ്ങിയിരിക്കുന്നത് കണ്ടതിനെ ചൊല്ലി ആരംഭിച്ച തർക്കം കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.