ഉഡുപ്പി (കര്‍ണാടക):കന്നട ചലച്ചിത്ര നടന്‍ ചേതന്‍ അഹിംസക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി. ചേതന്‍ അഹിംസക്കെതിരെ ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് ഹിന്ദു ജാഗരണ്‍ വേദികെയാണ് പൊലീസില്‍ പരാതി നല്‍കിയത്. സൂപ്പര്‍ഹിറ്റ് സിനിമയായ കാന്താരയില്‍ 'ഭൂത കോല' ആചാരത്തെ കുറിച്ച് പരാമർശിക്കുന്നതിനിടെ അപകീർത്തികരവും അവഹേളനപരവുമായ പ്രസ്‌താവന നടത്തിയെന്നതാണ് ആര്‍എസ്എസിനോട് അടുത്ത സംഘടനയായ ഹിന്ദു ജാഗരണ്‍ വേദികെയുടെ പരാതി.
കന്നട നടന്‍ ചേതന്‍ അഹിംസ ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന പരാതിയുമായി ഹിന്ദു ജാഗരണ്‍ വേദികെ - ഉഡുപ്പി
സൂപ്പര്‍ഹിറ്റ് ചലച്ചിത്രമായ 'കാന്താര'ക്ക് പിന്നാലെ കന്നട ചലച്ചിത്ര നടന്‍ ചേതന്‍ അഹിംസ ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് പരാതിയുമായി ഹിന്ദു ജാഗരണ്‍ വേദികെ
നടൻ ചേതൻ അഹിംസ സമൂഹമാധ്യമങ്ങള്‍ വഴിയുള്ള പോസ്‌റ്റുകളിലൂടെയും വികാരം വ്രണപ്പെടുത്തിയെന്ന് പരാതിയിലുണ്ട്. നടനെ പൊലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയതിന് താക്കീത് നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം 'ഭൂത കോല' ആചാരം ഹിന്ദു വിശ്വാസത്തിന് കീഴില്‍ വരില്ലെന്നും അതിനും മുമ്പേ പ്രചാരത്തിലുള്ളതായിരുന്നു എന്നായിരുന്നു ചേതൻ അഹിംസയുടെ പ്രസ്‌താവന. ഹിന്ദു ഭാഷ അടിച്ചേൽപ്പിക്കാൻ കഴിയാത്തതുപോലെ ഹിന്ദുത്വവും ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും ഹിന്ദു എന്നത് ഹിന്ദുമതത്തിൽ നിന്ന് വ്യത്യസ്‌തമാണ് എന്നിങ്ങനെയായിരുന്നു ചേതന്‍റെ പരാമര്‍ശം.