കോട്ടയം: വിദേശ ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ മൂന്ന് വർഷങ്ങൾക്ക് ശേഷം പൊലീസ് അറസ്റ്റ് ചെയ്‌തു. കണ്ണൂർ തലശ്ശേരി സ്വദേശി അംനാസാണ് (35) ഇന്നലെ കുറവിലങ്ങാട് പൊലീസിന്‍റെ പിടിയിലായത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് ഇസ്രായേലിൽ ജോലി നൽകാമെന്ന് പറഞ്ഞ് കേരളത്തിലെ വിവിധ ജില്ലകളിൽപ്പെട്ട പതിനെട്ടോളം ആളുകളിൽ നിന്നും 64 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.
2019ലായിരുന്നു കേസിനാസ്‌പദമായ സംഭവം. പരാതിയെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഈ കേസിലെ മറ്റു പ്രതികളായ വിദ്യ ഇമ്മാനുവൽ, മുഹമ്മദ് ഒനാസിസ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു. എന്നാൽ ഒളിവിലായിരുന്ന അംനാസിനെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല.
വിവിധ കേസുകളിൽപ്പെട്ട് ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്തുന്നതിനും, ഇവർക്ക് വേണ്ടി പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുന്നതിനും ജില്ല പൊലീസ് മേധാവി കെ കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദേശം നൽകിയിരുന്നു. ഇതിന്‍റെ ഭാഗമായി ഒളിവിലായിരുന്ന അംനാസിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു.