അമൃത്‌സര്‍ : 'തോക്ക് സംസ്‌കാരം' പ്രോത്സാഹിപ്പിച്ചെന്ന് കാണിച്ച് പത്തുവയസ്സുകാരനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌ത് പൊലീസ്. പഞ്ചാബിലെ അമൃത്‌സറിലാണ് തോക്ക് സംസ്‌കാരം പ്രേത്സാഹിപ്പിച്ചതിന് പത്തുവയസ്സുകാരനും പിതാവിനും മറ്റ് രണ്ടുപേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്. കുട്ടിയുടെ പിതാവ് സമൂഹമാധ്യമമായ ഫേസ്‌ബുക്ക് വഴി പങ്കിട്ട ഫോട്ടോ സൈബര്‍ സെല്ലിന്‍റെ ശ്രദ്ധയില്‍പ്പെടുകയും കേസിലേക്ക് നീളുകയുമായിരുന്നു.
മകന് തോക്കുമായി നില്‍ക്കുന്ന ചിത്രം പ്രൊഫൈലാക്കി ; പിതാവിനും പത്തുവയസ്സുകാരനുമെതിരെ കേസെടുത്ത് പൊലീസ്
'തോക്ക് സംസ്‌കാരം' പ്രോത്സാഹിപ്പിച്ചുവെന്ന് കാണിച്ച് പത്തുവയസ്സുകാരനും പിതാവിനുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌ത് പഞ്ചാബ് പൊലീസ്
ചുമലില്‍ ബുള്ളറ്റ് ബെല്‍റ്റും കൈയ്യില്‍ തോക്കുമായി നില്‍ക്കുന്ന മകന്‍റെ ഫോട്ടോ പിതാവ് തന്‍റെ ഫേസ്‌ബുക്ക് പ്രൊഫൈല്‍ വഴിയാണ് പങ്കിട്ടത്. ഇത് സൈബര്‍ സെല്ലിന്‍റെ ശ്രദ്ധയില്‍പെട്ടതോടെ നടത്തിയ അന്വേഷണത്തിലാണ് കുട്ടി, പിതാവ് ഭൂപീന്ദര്‍, വിക്രംജിത്ത്, വിസാരത് എന്നിവര്‍ക്കെതിരെ കത്തുനങ്കല്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തത്.
ഈ ചിത്രം മകന് നാല് വയസ്സുള്ളപ്പോള്‍ എടുത്തതാണെന്ന് പിതാവ് അറിയിച്ചു. 2015 ല്‍ പോസ്‌റ്റ് ചെയ്‌ത ചിത്രം സംബന്ധിച്ച് ആറര വര്‍ഷങ്ങള്‍ക്കിപ്പുറമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.