ന്യൂഡല്‍ഹി: ചൈന ആസ്ഥാനമായുള്ള ലോൺ ആപ്പുമായി ചേർന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ചൂഷണം ചെയ്യാനും നിയമ ലംഘനങ്ങൾ നടത്താനും പിസി ഫിനാൻഷ്യൽ സർവീസസ് (പിസിഎഫ്എസ്) പ്രവർത്തിച്ചതായി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്. ചൈനയിലെ ഏറ്റവും വലിയ ഓൺലൈൻ ഗെയിം ഡെവലപ്പറും വിതരണക്കാരനുമായ കുൻലുൻ ടെക്കിന്‍റെ തലവൻ ഷൗ യാഹുയിയുടെ നിയന്ത്രണത്തിലാണ് പിസിഎഫ്എസ് എന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.
പിസിഎഫ്‌എസിലേക്ക് ചൈനീസ് സ്ഥാപനം അനധികൃത രീതിയിൽ വിദേശ ഫണ്ട് വകമാറ്റിയതായും പിന്നീട് ചൈന, ഹോങ്കോങ്, തായ്‌വാൻ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്ക് തിരികെ മാറ്റിയതായും ഇഡി അടുത്തിടെ കണ്ടെത്തി. മൊബൈൽ ആപ്പ് അടിസ്ഥാനമാക്കിയുള്ള വായ്‌പ പ്രവർത്തനങ്ങളിലൂടെ പിസിഎഫ്‌എസ് കെവൈസി(KYC) മാനദണ്ഡങ്ങൾ ലംഘിച്ചു എന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.
ഉപഭോക്താക്കൾക്ക് ഭീഷണി
കാഷ്ബീൻ എന്ന ആപ്പ് വഴിയാണ് ഇവർ വായ്‌പ പ്രവർത്തനങ്ങൾ നടത്തിയത്. കമ്പനി പ്രതിനിധികൾ ഓൺലൈനായി അപേക്ഷകൾ ശേഖരിക്കുകയും വായ്‌പ അനുവദിക്കുകയും ചെയ്യും. പ്രോസസിങ് ഫീസായി വായ്‌പ തുകയുടെ 15 മുതൽ 25 ശതമാനം വരെ മുൻകൂറായി അടയ്ക്കാൻ അവർ ഉപഭോക്താക്കളോട് ആവശ്യപ്പെടും.