ഹൈദരാബാദ് : തട്ടിപ്പുകേസില്‍ സാഹിത്യ ഇന്‍ഫ്രാടെക് വെന്‍ച്വര്‍ ഇന്ത്യ ലിമിറ്റഡ് എംഡിയും തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ബോര്‍ഡ് അംഗവുമായ ബൂദാതി ലക്ഷ്മീനാരായണ ഹൈദരാബാദ് പൊലീസിന്‍റെ പിടിയില്‍. നിര്‍മാണ പ്രവൃത്തി ആരംഭിക്കാത്ത പദ്ധതികളുടെ പേരില്‍ 2500 പേരില്‍ നിന്നായി 900 കോടി രൂപ തട്ടിയതിനാണ് ബൂദാതി ലക്ഷ്മീനാരായണയെ ഹൈദരാബാദ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. പണം നല്‍കിയവരെല്ലാം വഞ്ചിക്കപ്പെട്ടതായി സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഉദ്യാഗസ്ഥര്‍ വ്യക്തമാക്കി.
തട്ടിപ്പിന്‍റെ ആരംഭം: സാഹിത്യ ഇന്‍ഫ്രാടെക് വെന്‍ച്വറിന് കീഴില്‍ സംഗറെഡ്ഡി ജില്ലയിലെ അമീൻപൂർ ഗ്രാമത്തിൽ 'സാഹിത്യ സരവാണി എലൈറ്റ്' എന്ന പേരിൽ 2019ല്‍ വമ്പന്‍ പദ്ധതി ആരംഭിക്കുമെന്നറിയിച്ചാണ് ലക്ഷ്മീനാരായണ തട്ടിപ്പ് നടത്തിയത്. 23 ഏക്കറുകളിലായി 38 നിലകളില്‍ പണിതുയര്‍ത്തുന്ന നിര്‍മാണ പദ്ധതിയുടെ ഭാഗമായി പത്ത് അപ്പാര്‍ട്ട്‌മെന്‍റുകളും രണ്ടും മൂന്നും മുറികളടങ്ങിയ അനേകം ഫ്ലാറ്റുകളും നിര്‍മിക്കുന്നുവെന്നാണ് അദ്ദേഹം അറിയിച്ചത്. കുറഞ്ഞ നിരക്കില്‍ ലോകോത്തര നിലവാരമുള്ള ഈ താമസ സൗകര്യത്തിന് 1700 പേരില്‍ നിന്നായി 539 കോടി രൂപയും അദ്ദേഹം കൈപ്പറ്റി. മാത്രമല്ല ഈ പദ്ധതിക്കായി ഹൈദരാബാദ് മെട്രോ പൊളിറ്റന്‍ ഡെവലപ്‌മെന്‍റ് അതോറിറ്റിയില്‍ (എച്ച്എംഡിഎ) നിന്ന് അനുമതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ആദ്യം തന്നെ ഇവരോട് വ്യക്തമാക്കി.
കബളിപ്പിക്കപ്പെട്ട ആവശ്യക്കാര്‍ : ഭൂമി ഏറ്റെടുക്കൽ, അനുമതി, പദ്ധതിയുടെ നിർമാണം എന്നിവയ്ക്ക് കുറച്ച് സമയമെടുക്കുമെന്ന് ലക്ഷ്മീനാരായണ അറിയിച്ചുവെങ്കിലും മൂന്ന് വര്‍ഷമായിട്ടും പദ്ധതി പൂര്‍ത്തിയാകാതെ വന്നതോടെയാണ് പണം നല്‍കിയവര്‍ രംഗത്തെത്തിയത്. ബുക്കിങ് റദ്ദാക്കി പണം തിരികെ നൽകണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ പിരിച്ചെടുത്ത പണം മാത്രമല്ല അതിന് 15 മുതല്‍ 18 ശതമാനം വാര്‍ഷിക പലിശയും സഹിതം തന്നെ തിരികെ നല്‍കാമെന്ന് ലക്ഷ്മീനാരായണ ഇവരെ അറിയിച്ചു. പണം നല്‍കിയവര്‍ക്ക് ഇതോടെ അല്‍പം ആശ്വാസമായെങ്കിലും ഇയാള്‍ നല്‍കിയ ചെക്കുകള്‍ മടങ്ങിയതോടെ ഇവര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.
'ഒന്നില്‍' അവസാനിക്കുന്നില്ല :അമീന്‍പൂരിലെ 'സാഹിത്യ സരവാണി എലൈറ്റി'ല്‍ ഒതുങ്ങുന്നതല്ല ലക്ഷ്‌മീനാരായണന്‍റെ തട്ടിപ്പെന്ന് പൊലീസ് പറയുന്നു. സാഹിത്യ സരവാണി എലൈറ്റിന്‍റെ പേരിൽ തന്നെ ഹൈദരാബാദിലെ പ്രഗതി നഗർ, കകാതിയ ഹിൽസ്, അയ്യപ്പ സൊസൈറ്റി, കോമ്പള്ളി, സമീർപേട്ട് തുടങ്ങിയ സ്ഥലങ്ങളിൽ പദ്ധതി ആരംഭിക്കുന്നതായും ലക്ഷ്മീനാരായണ ആളുകളെ അറിയിച്ചു. കുറഞ്ഞ നിരക്കില്‍ ലോകോത്തര നിലവാരമുള്ള വീടുകള്‍ എന്നറിയിച്ച് ഈ പ്രദേശങ്ങളിലെ 2500 പേരില്‍ നിന്നായി 900 കോടി രൂപ അദ്ദേഹം പിരിച്ചെടുത്തു.