ന്യൂഡൽഹി : ചോദ്യം ചെയ്യലിൽ കൊലപാതക രീതിയും അതിന്‍റെ ഭീകരതയും വിശദീകരിക്കുമ്പോള്‍ അഫ്‌താബിന് യാതൊരു പശ്ചാത്താപവും ഉണ്ടായിരുന്നില്ലെന്ന് പൊലീസ്. 'ഷാർപ്പ് മൈൻഡഡ്' എന്നാണ് അഫ്‌താബിനെ അന്വേഷണസംഘം വിശേഷിപ്പിച്ചത്. ഷെഫും ഫോട്ടോഗ്രാഫറും ഫുഡ് വ്ളോഗറുമായിരുന്ന അഫ്‌താബിന്‍റെ ക്രൂര മുഖം കൊലപാതക വിവരം പുറത്തുവരുന്നതുവരെ ആരും മനസിലാക്കിയിരുന്നില്ല.
കുപ്രസിദ്ധ സീരിയൽ കില്ലറായ ജെഫ്രി ഡാഹ്‌മർ, ടെഡ് ബണ്ടി എന്നിവരോടാണ് ഇപ്പോൾ അഫ്‌താബിനെ ആളുകൾ ഉപമിക്കുന്നത്. ക്രൈം സിനിമകളുടെയും സീരീസുകളുടെയുമൊക്കെ കടുത്ത ആരാധകനായിരുന്നു അഫ്‌താബ്. മൃതദേഹം 35 കഷണങ്ങളാക്കി മുറിക്കുക എന്ന ആശയം പോലും ക്രൈം സീരീസുകളില്‍ നിന്ന് കണ്ടെത്തിയതാണ്. സീരിയൽ കില്ലറായ ഡെക്‌സ്റ്റർ മോർഗന്‍റെ കഥ പറഞ്ഞ അമേരിക്കൻ ടിവി പരമ്പരയായ ഡെക്‌സ്റ്ററിൽ നിന്നാണ് കൊലപാതകത്തിനുള്ള പ്രചോദനം ഉൾക്കൊണ്ടത്.
മുംബൈയിലാണ് അഫ്‌താബ് അമീൻ പൂനാവാല (28) ജനിച്ച് വളർന്നത്. എൽ എസ് റഹേജ കോളജിൽ നിന്ന് ബിരുദം നേടി. അന്നുതൊട്ടിന്നോളം അഫ്‌താബിലെ പൈശാചിക വശത്തെക്കുറിച്ച് കുടുംബത്തിനോ കൂട്ടുകാർക്കോ യാതൊരു സൂചനയുമുണ്ടായിരുന്നില്ല. ഇൻസ്റ്റഗ്രാമിൽ 'HungryChokro' എന്ന പേരില്‍ അക്കൗണ്ടുള്ള അഫ്‌താബിന് 29.1k ഫോളോവേഴ്‌സുണ്ട്. ഹിന്ദി അറിയാമെങ്കിലും ഇംഗ്ലീഷിലാണ് അഫ്‌താബ് ഉത്തരം പറയുകയെന്ന് പൊലീസ് പറയുന്നു.
മെയ് 18നാണ് അഫ്‌താബ്, ശ്രദ്ധയെ കൊലപ്പെടുത്തിയത്. നവംബർ 14ന് അഫ്‌താബ് പൊലീസ് പിടിയിലായി. മുംബൈയിലെ ഒരു കോള്‍ സെന്‍ററില്‍ ജോലി ചെയ്യുന്നതിനിടെ ഡേറ്റിങ് ആപ്ലിക്കേഷനായ ബംബിളിലൂടെയാണ് ശ്രദ്ധയെ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിലായി. എന്നാൽ യുവതിയുടെ വീട്ടുകാർ ബന്ധത്തെ എതിർത്തതോടെ ഇരുവരും ഒന്നിച്ച് ഡൽഹിയിലേക്ക് താമസം മാറി. ഇവിടുന്ന് തുടങ്ങി പ്രശ്‌നങ്ങൾ.
ഇരുവരും തമ്മിൽ ഡൽഹിയിൽ വച്ച് വിവാഹത്തെച്ചൊല്ലി തർക്കമുണ്ടായി. ഇത് നീണ്ടത് കൊലപാതകത്തിലേക്ക്. കഴുത്ത് ഞെരിക്കുമ്പോഴും ജീവന് വേണ്ടി ശ്രദ്ധ പിടയുമ്പോഴും അവളുടെ ശരീരം 35 കഷണങ്ങളാക്കി വെട്ടിമുറിക്കുമ്പോഴും അഫ്‌താബിന്‍റെ മനസ് ഇടറിയില്ല,കരള്‍ അലിഞ്ഞതുമില്ല.
ഹോട്ടൽ മാനേജ്‌മെന്‍റ് പഠിക്കുന്ന സമയത്ത് മാംസം മുറിക്കുന്നതിൽ പ്രതി പരിശീലനം നേടിയിരുന്നു. അതേ ലാഘവത്തോടെയാണ് അഫ്‌താബ് മനുഷ്യ ശരീരവും വെട്ടിയരിഞ്ഞത്. 35 കഷണങ്ങളാക്കാന്‍ രണ്ട് ദിവസമെടുത്തു. തുടർന്ന് മൃതദേഹം സൂക്ഷിക്കാൻ 300 ലിറ്ററിന്‍റെ ഫ്രിഡ്‌ജും വാങ്ങി. ദുർഗന്ധം അകറ്റാൻ റൂം ഫ്രഷ്‌നറും മറ്റും ഉപയോഗിച്ചു.