തൃശൂർ: സർക്കാർ മുന്നിലുണ്ടെന്ന് പറയുമ്പോൾ ഒപ്പമുണ്ടെന്ന് തെളിയിക്കുകയാണ് എടത്തുരുത്തിയിലെ കുടുംബശ്രീ കൂട്ടായ്‌മ. ലോക്‌ഡൗൺ പശ്ചാത്തലത്തിൽ സർക്കാരിന്‍റെ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് സപ്ലൈകോ വഴി വിതരണം ചെയ്യാൻ പേപ്പർ ബാഗുകൾ നിർമ്മിച്ച് നൽകുകയാണ് ഇവർ. പ്ലാസ്റ്റിക് നിരോധനം മൂലം പാക്ക് ചെയ്യാനുള്ള കവറുകളുടെ ലഭ്യത കുറഞ്ഞതാണ് പേപ്പർ ബാഗ് എന്ന ആശയത്തിലേക്ക് കൂട്ടായ്‌മയെ നയിച്ചത്. തുടർന്ന് 50,000 പേപ്പർ ബാഗുകളാണ് ഇക്കൂട്ടർ നിർമിച്ചത്.
ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിന് കുടുംബശ്രീയുടെ പേപ്പർ ബാഗുകൾ
സിഡിഎസ് ചെയർപേഴ്‌സൺ ഐഷാബിയുടെ നേതൃത്വത്തിലാണ് കുടുംബശ്രീ പ്രവർത്തകർക്ക് പേപ്പർബാഗ് നിർമാണ പരിശീലനം നൽകിയത്. വാട്ട്‌സാപ്പ് വീഡിയോയിലൂടെയായിരുന്നു പരിശീലനം. പ്രവർത്തകരുടെ കുടുംബാംഗങ്ങൾ കൂടി പങ്കാളികളായതോടെ 50,000ത്തോളം ബാഗുകൾ നിർമിച്ച് നൽകാൻ ഇവർക്ക് കഴിഞ്ഞു.
എടത്തുരുത്തി പഞ്ചായത്തിലെ 18 വാർഡുകളിലായി 302 അയൽക്കൂട്ടങ്ങളും 5,200 അംഗങ്ങളും ചേർന്നായിരുന്നു നിർമാണം. ഓരോ വാർഡുകളും ആയിരം പേപ്പർ ബാഗുകൾ നിർമ്മിക്കുക എന്നതായിരുന്നു അയൽക്കൂട്ടങ്ങൾക്ക് മുന്നിലുള്ള ദൗത്യം. എന്നാൽ, ലോക്‌ഡൗൺ വിരസതയിൽ ഓരോ അംഗത്തിന്‍റെയും കുടുംബാംഗങ്ങൾ കൂടി ബാഗ് നിർമ്മാണത്തിൽ പങ്കാളികളായതോടെ മൂന്ന് ദിവത്തിനുള്ളിൽ ആയിരം എന്നത് 3,000 ആക്കി മാറ്റുകയായിരുന്നു. പേപ്പർ ബാഗ് നിർമ്മാണത്തിൽ സിഡിഎസ് ചെയർപേഴ്‌സൺ ഐഷാബി വിദഗ്‌ധയായതിനാൽ പ്രവർത്തനങ്ങൾക്ക് വേഗതയേറി. ലോക്‌ഡൗണിൽ സാമൂഹിക അകലം പാലിക്കണമെന്നതിനാൽ വീഡിയോയിലൂടെയാണ് അംഗങ്ങൾക്ക് ബാഗ് നിർമാണ പരിശീലനം നൽകിയത്. തുടർന്നായിരുന്നു മൂന്ന് ദിവസം കൊണ്ട് 50,000ത്തോളം ബാഗുകൾ പ്രവർത്തകർ നിർമിച്ചത്.