കേരളം

kerala

ETV Bharat / city

അതിരപ്പിള്ളി പദ്ധതി; കെ.എസ്.ഇ.ബിക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി - athirappilli project government approval for kseb

പദ്ധതിയുടെ സാമ്പത്തിക-സാങ്കേതിക-പാരിസ്ഥിതിക അനുമതിക്കായുള്ള നടപടികള്‍ വീണ്ടും തുടങ്ങാന്‍ എന്‍.ഒ.സി നല്‍കാനും തീരുമാനിച്ചു.

ആതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി  കെ. എസ്.ഇ.ബി ആതിരപ്പിള്ളി അനുമതി  കെ. എസ്.ഇ.ബിക്ക് അനുമതി  ആതിരപ്പിള്ളി പദ്ധതി സര്‍ക്കാര്‍ അനുമതി  കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ആതിരപ്പിള്ളി  athirappilli hydro electric project news  athirappilli project government approval for kseb  ks
ആതിരപ്പിള്ളി പദ്ധതി

By

Published : Jun 10, 2020, 12:23 PM IST

Updated : Jun 10, 2020, 2:57 PM IST

തൃശ്ശൂര്‍:പരിസ്ഥിതി വാദികളുടെയും സി.പി.ഐയുടെയും എതിര്‍പ്പ് അവഗണിച്ച് അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയുമായി മുന്നോട്ടു പോകാന്‍ കെ.എസ്.ഇ.ബിക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതി. പദ്ധതിയുടെ സാമ്പത്തിക-സാങ്കേതിക-പാരിസ്ഥിതിക അനുമതിക്കായുള്ള നടപടികള്‍ വീണ്ടും തുടങ്ങാന്‍ എന്‍.ഒ.സി നല്‍കാനും തീരുമാനിച്ചു. ഇതു സംബന്ധിച്ച് ഊര്‍ജ വകുപ്പ് സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഏഴുവര്‍ഷത്തേക്കാണ് എന്‍.ഒ.സി കാലാവധി. എല്ലാ അനുമതികളും ലഭിച്ചാല്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ ഏഴു വര്‍ഷം വേണ്ടിവരുമെന്നത് കണക്കിലെടുത്താണിത്.

163 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന നിര്‍ദ്ദിഷ്ട പദ്ധതി അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് അഞ്ചു കിലോമീറ്റര്‍ മുകളിലും വാഴച്ചാല്‍ വെള്ളച്ചാട്ടത്തിന് 400 മീറ്റര്‍ മുകളിലുമാണ് സ്ഥാപിക്കുക. അണക്കെട്ടിന് 23 മീറ്റര്‍ ഉയരവും 311 മീറ്റര്‍ വീതിയിലുമാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. വന്‍ പാരിസ്ഥിതിക ആഘാതമുണ്ടാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്ന പദ്ധതി യാഥാര്‍ഥ്യമായാല്‍ 200 ഹെക്ടര്‍ വനം നശിക്കുമെന്നാണ് പരിസ്ഥിതി വാദികള്‍ ചൂണ്ടിക്കാട്ടുന്നത്. പദ്ധതിയുമായി മുന്നോട്ടു പോകാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും സി.പി.ഐയുടെയും പരിസ്ഥിതി വാദികളുടെയും എതിര്‍പ്പിനെ തുടര്‍ന്ന് പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുകയായിരുന്നു.

ഇനി പദ്ധതിയുമായി മുന്നോട്ടു പോകണമെങ്കില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി അടക്കം കെ.എസ്.ഇ.ബി നേടണം. ഇതിന് അപേക്ഷ സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്‍റെ എന്‍.ഒ.സി ആവശ്യമാണ്. അതിനാലാണ് സര്‍ക്കാര്‍ ഇപ്പോള്‍ എന്‍.ഒ.സി നല്‍കിയിരിക്കുന്നത്. എന്‍.ഒ.സി ലഭിച്ച സാഹചര്യത്തില്‍ കെ.എസ്.ഇ.ബി പദ്ധതി അനുമതിക്ക് ഉടന്‍ കേന്ദ്രത്തെ സമീപിക്കും. പദ്ധതി യാഥാര്‍ഥ്യമായാല്‍ ഇടുക്കി, ശബരിഗിരി ജലവൈദ്യുത പദ്ധതിക്കു ശേഷം ഏറ്റവും അധികം വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതിയായി അതിരപ്പള്ളി മാറും. എന്നാല്‍ വന്‍ പരിസ്ഥിതി നാശമുണ്ടാക്കുന്ന പദ്ധതി ഉപേക്ഷിക്കണമെന്നാണ് എല്‍.ഡി.എഫിലെ രണ്ടാമത്തെ ഘടക കക്ഷിയായ സി.പി.ഐയുടെ നിലപാട്.

1979 ലാണ് അതിരപ്പള്ളി പദ്ധതിയെ കുറിച്ച് കെ.എസ്.ഇ.ബി ആലോചന തുടങ്ങിയത്. 1982ല്‍ പദ്ധതിക്കുള്ള രൂപ രേഖ കെ.എസ്.ഇ.ബി തയ്യാറാക്കി. 1997ല്‍ പദ്ധതിക്ക് കേന്ദ്ര വനം വകുപ്പ് അനുമതി നല്‍കി. പിന്നീട് 1998 ലാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചത്. തുടര്‍ന്ന് 2005 ല്‍ പദ്ധതിക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ സത്യാഗ്രഹം ആരംഭിച്ചു. 2016ല്‍ വാഴച്ചാല്‍ ഊരു കൂട്ടം പദ്ധതിക്കെതിരെ കോടതിയെ സമീപിച്ചു. 2017ല്‍ പദ്ധതിയുടെ പാരിസ്ഥിതിക അനുമതി അവസാനിച്ചു. പിന്നീട് 2018 മാര്‍ച്ച് 19ന് പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങുന്നതായി വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി നിയമസഭയെ അറിയിച്ചിരുന്നു.

Last Updated : Jun 10, 2020, 2:57 PM IST

ABOUT THE AUTHOR

...view details