തൃശ്ശൂര്‍: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചു പള്ളികളില്‍ കുമ്പസാരം നടത്താന്‍ നൂതന സംവിധാനവുമായി തൃശ്ശൂർ ക്രൈസ്റ്റ് എഞ്ചിനീയറിങ് കോളജ്. നിലവിലുള്ള കുമ്പസാരക്കൂടുകളിൽ ഘടിപ്പിക്കാവുന്ന ഉപകരണങ്ങൾ അടങ്ങുന്ന പുതിയ സംവിധാനമാണ് കോളജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം രൂപകല്‍പന ചെയ്തിരിക്കുന്നത്. ഹെഡ് സെറ്റും മൈക്കും അനുബന്ധ ഉപകരണങ്ങളും ഉള്‍പ്പെടെയുള്ളവ ചെലവ് കുറഞ്ഞ രീതിയില്‍ ഘടിപ്പിക്കാം. ഇതിലൂടെ വിശ്വാസിയും പുരോഹിതനും തമ്മിൽ സുരക്ഷിത അകലം പാലിക്കാനും കുമ്പസാരത്തിന്റെ രഹസ്യസ്വഭാവം നിലനിർത്താനും കഴിയും. ഏറ്റവും വ്യക്തമായി ശബ്‌ദ വിനിമയം നടത്താൻ ഈ സംവിധാനത്തിന് സാധിക്കും. കുമ്പസരിക്കുന്ന വിശ്വാസിയിൽ നിന്ന് മൈക്ക് സുരക്ഷിതമായ അകലത്തിൽ ഘടിപ്പിച്ചിട്ടുള്ളതിനാൽ മൈക്ക് വഴി മറ്റുള്ളവരിൽ നിന്നും രോഗാണുക്കളുടെ സംക്രമണം ഉണ്ടാകാതെ തടയാനും കഴിയും.
കൊവിഡ് സുരക്ഷ; കുമ്പസാരത്തിന് നൂതന വിദ്യ
തൃശ്ശൂർ ക്രൈസ്റ്റ് എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥികളാണ് സാമൂഹിക അകലം പാലിച്ച് കുമ്പസാരം നടത്താനുള്ള ചെലവ് കുറഞ്ഞ നൂതന സംവിധാനത്തിന് പിന്നില്‍
ലോക്ക് ഡൗണിന് ശേഷം ജനങ്ങൾ ഒത്തുചേരുന്ന ആരാധനാലയങ്ങളില്‍ കർശന നിയന്ത്രണങ്ങളാകും കാത്തിരിക്കുന്നത്. ഇതിന് മുന്നോടിയായാണ് കത്തോലിക്കാ സഭയിലെ പ്രധാന കൂദാശയായ കുമ്പസാരം നടത്തുന്നതിനായി നൂതന സംവിധാനം ഒരുക്കിയത്. വൈറസ് വ്യാപനം ഒഴിവാക്കാൻ വായു സഞ്ചാരമുള്ള തുറസായ സ്ഥലത്ത് കുമ്പസാര വേദി സജ്ജീകരിക്കുന്നതിന് അനുയോജ്യമാണ് ഈ പുതിയ ഉപകരണം. കോളജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം വികസിപ്പിച്ചെടുത്ത ഉപകരണം ലബോറട്ടറി അധ്യാപകൻ ടി.എം സനലിന്‍റെ നേതൃത്വത്തിൽ വിദ്യാർഥികളായ ആൽഡ്രിൻ വർഗീസ്, അശ്വിൻ കെ.എസ് എന്നിവർ ചേർന്നാണ് നിർമിച്ചത്. നിലവില്‍ പരീക്ഷണ ഘട്ടത്തിലുള്ള ഈ പുതിയ സംവിധാനം സഭാധികാരികളുടെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്. അംഗീകാരം ലഭിക്കുന്നതോടെ സഭയുടെ മറ്റ് ആരാധനാലയങ്ങളിലും സംവിധാനം കൊണ്ടുവരാനാകും.