കേരളം

kerala

ETV Bharat / city

പുതുമുഖ പോരാട്ടത്തിനൊരുങ്ങി നാട്ടിക

പുതുമുഖങ്ങള്‍ തമ്മിലുള്ള പോരാട്ടത്തിനാണ് ഇത്തവണ നാട്ടിക മണ്ഡലം സാക്ഷ്യം വഹിക്കുന്നത്. മണ്ഡലം നിലനിര്‍ത്താന്‍ ഇടതുമുന്നണി ലക്ഷ്യമിടുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിലൂടെ സീറ്റ് തിരിച്ചുപിടിക്കാനാണ് യുഡിഎഫിന്‍റെ ശ്രമം.

By

Published : Mar 17, 2021, 4:54 PM IST

nattika assembly constituency  നാട്ടിക തെരഞ്ഞെടുപ്പ്  നാട്ടിക നിയമസഭ മണ്ഡലം  നിയമസഭ തെരഞ്ഞെടുപ്പ് 2021  തൃശ്ശൂര്‍ നാട്ടിക  nattika assembly election 2021  geetha gopi nattika  നാട്ടിക മണ്ഡല ചരിത്രം  നാട്ടിക മണ്ഡല രാഷ്ട്രീയം
നാട്ടിക

ട്ടികജാതി സംവരണ മണ്ഡലമായ നാട്ടികയില്‍ സിപിഐക്ക് വ്യക്തമായ സ്വാധീനമുണ്ട്. എട്ടു തവണ ഇടതുമുന്നണിയ്ക്കും ആറ് തവണ വലതുപക്ഷത്തിനും വിജയിക്കാന്‍ കഴിഞ്ഞു. മണ്ഡലത്തില്‍ ഇത്തവണ പുതുമുഖങ്ങള്‍ തമ്മിലാണ് പോരാട്ടം. സിപിഐ സിറ്റിങ് എംഎല്‍എ ഗീത ഗോപിക്കെതിരെ പ്രാദേശികമായി എതിര്‍പ്പുയര്‍ന്നതോടെ രണ്ടാം ഘട്ട പട്ടികയിലാണ് ജില്ലാ കൗണ്‍സില്‍ അംഗം സി.സി മുകുന്ദനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി സുനില്‍ ലാലൂരാണ് യുഡിഎഫിനായി മത്സരത്തിനിറങ്ങുന്നത്. എ.കെ ലോചനനാണ് ബിജെപി സ്ഥാനാര്‍ഥി.

മണ്ഡല ചരിത്രം

അന്തിക്കാട്, ചാഴൂര്‍, പാറളം, തളിക്കുളം, വല്ലപ്പാട്, താന്ന്യം, നാട്ടിക, ചേര്‍പ്പ്, അവിണിശ്ശേരി പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് നാട്ടിക നിയമസഭാ മണ്ഡലം. 2011 മുതല്‍ പട്ടികജാതി സംവരണ മണ്ഡലമാണിത്. അതിര്‍ത്തി പുനര്‍നിര്‍ണയം മണ്ഡലത്തിന്‍റെ തീരദേശ സ്വഭാവത്തേയും സ്വാധീനിച്ചു. ചേര്‍പ്പ് മണ്ഡലത്തിന്‍റെ ഭാഗമായിരുന്ന ചേര്‍പ്പ്, അവിണിശ്ശേരി, ചാഴൂര്‍, പാറളം, താന്ന്യം എന്നിവയെ നാട്ടികയില്‍ ചേര്‍ത്തു. വല്ലച്ചിറ പുതുക്കാട് മണ്ഡലത്തിന്‍റെ ഭാഗമായി. ഏങ്ങണ്ടിയൂരിനെ ഗുരുവായൂരിലേക്കും വാടാനപ്പള്ളിയെ മണലൂരിലേക്കും മാറ്റി.

മണ്ഡല രാഷ്ട്രീയം

1957ലെ ആദ്യ തെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ഥി പി.കെ ഗോപാലകൃഷ്ണനെതിരെ കോണ്‍ഗ്രസിന്‍റെ കെ.എസ് അച്യുതന് ജയം. 1960ല്‍ കെ.ടി അച്യുതന്‍ സിപിഐയുടെ ടി.കെ രാമനെ തോല്‍പ്പിച്ച് നിയമസഭയിലെത്തി. 1965ല്‍ പ്രമുഖ സംവിധായകന്‍ രാമ്യു കാര്യാട്ട് ഇടത് സ്വതന്ത്രനായി മത്സരിച്ച് ജയിച്ചു. എന്നാല്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്തതിനെ തുടര്‍ന്ന് സഭ പിരിച്ചുവിട്ടതോടെ അദ്ദേഹത്തിന് എംഎല്‍എ ആയി തുടരാനായില്ല. 1967ല്‍ സിപിഎമ്മിന്‍റെ ടി.കെ കൃഷ്ണന്‍ നിയമസഭയിലെത്തി. 1970ല്‍ എസ്.എസ്.പി സ്ഥാനാര്‍ഥി ഗോപിനാഥന്‍ സിപിഐയുടെ കെ.എസ് നായരെ പരാജയപ്പെടുത്തി. 1977ലെ തെരഞ്ഞെടുപ്പില്‍ സിപിഐയുടെ പി.കെ ഗോപാലകൃഷ്ണനിലൂടെ ഇടതുമുന്നണി മണ്ഡലം തിരിച്ചുപിടിച്ചു. 1980ലും ഗോപാലകൃഷ്ണനിലൂടെ സിപിഐ വിജയം ആവര്‍ത്തിച്ചു. എന്നാല്‍ 1982ല്‍ ഗോപാലകൃഷ്ണന്‍റെ ഹാട്രിക് ജയത്തിന് തടയിട്ട് സ്വതന്ത്രനായ സിദ്ധാര്‍ഥ് കാട്ടുങ്ങല്‍ അട്ടിമറി ജയം നേടി. തിരിച്ചടിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട ഇടതുമുന്നണിയുടെ വലിയ മുന്നേറ്റമാണ് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കണ്ടത്. 1987ല്‍ കൃഷ്ണന്‍ കണിയാംപറമ്പിലിലൂടെ സിറ്റിങ് എംഎല്‍എ സിദ്ധാര്‍ഥ് കാട്ടുങ്ങലില്‍ നിന്ന് സീറ്റ് തിരിച്ച് പിടിച്ചു. 1991ലും 1996ലും കൃഷ്ണനിലൂടെ ഇടതുമുന്നണി ജയം തുടര്‍ന്നു. 2001ല്‍ ടി.എന്‍ പ്രതാപനെ മത്സരത്തിനിറക്കിയ യുഡിഎഫ് തന്ത്രം ഫലിച്ചു. കൃഷ്ണന്‍ കണിയാംപറമ്പിലിനെ അട്ടിമറിച്ച ടി.എന്‍ പ്രതാപന്‍ 2006ലും വിജയം തുടര്‍ന്നു. സിപിഐയുടെ ഫാത്തിമ അബ്ദുല്‍ ഖാദറായിരുന്നു എതിരാളി.

നിയമസഭ തെരഞ്ഞെടുപ്പ് 2011

പട്ടികജാതി സംവരണ മണ്ഡലമായതിന് പിന്നാലെ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ സിപിഐ നേട്ടമുണ്ടാക്കി. യുഡിഎഫ് സ്വതന്ത്രനായ വികാസ് ചക്രപാണിയെ 16,054 വോട്ടിന് തോല്‍പ്പിച്ച് എല്‍ഡിഎഫിന്‍റെ ഗീത ഗോപി സീറ്റ് തിരിച്ചുപിടിച്ചു. 50.21% വോട്ട് ഗീത ഗോപി നേടിയപ്പോള്‍ വെറും 37.72% വോട്ട് മാത്രമാണ് യുഡിഎഫിന് പിടിക്കാനായത്.

നിയമസഭ തെരഞ്ഞെടുപ്പ് 2016

നിയമസഭ തെരഞ്ഞെടുപ്പ് ഫലം 2016
നിയമസഭ തെരഞ്ഞെടുപ്പ് ഫലം 2016

രണ്ടാമങ്കത്തിനിറങ്ങിയ സിപിഐയുടെ ഗീത ഗോപി ഭൂരിപക്ഷം വന്‍തോതില്‍ ഉയര്‍ത്തി സീറ്റ് നിലനിര്‍ത്തി. യുഡിഎഫിന്‍റെ കെ.വി ദാസനെതിരെ 26,777 വോട്ടിന്‍റെ ഭൂരിപക്ഷമാണ് ഗീത നേടിയത്. ഇത്തവണ എല്‍ഡിഎഫ് 46.65% ഉം യുഡിഎഫ് 28.86% ഉം വോട്ട് നേടി. ഇരുപക്ഷത്തും വോട്ട് ചോര്‍ന്നപ്പോള്‍ മുന്‍ തെരഞ്ഞെടുപ്പിനേക്കാള്‍ 14% വോട്ട് ബിജെപി അധികമായി നേടി.

തദ്ദേശ തെരഞ്ഞെടുപ്പ് 2020

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം 2020

മണ്ഡലത്തിലെ ഭൂരിപക്ഷം പഞ്ചായത്തുകളും ഇടതുമുന്നണി നേടി. അന്തിക്കാട്, ചാഴൂര്‍, പാറളം, തളിക്കുളം, വല്ലപ്പാട്, താന്ന്യം, നാട്ടിക പഞ്ചായത്തുകളിലാണ് നേട്ടമുണ്ടാക്കിയത്. ചേര്‍പ്പ് പഞ്ചായത്ത് മാത്രം യുഡിഎഫിനൊപ്പം നിലകൊണ്ടു. അവിണിശ്ശേരി സ്വന്തമാക്കി എന്‍ഡിഎയും സ്വാധീനമറിയിച്ചു.

ABOUT THE AUTHOR

...view details