കേരളം

kerala

ETV Bharat / city

മുണ്ടശേരി, വിഎം സുധീരൻ... ഇത്തവണ മണലൂരിന്‍റെ മനസുമാറുമോ?

വിജയ ഹരിയെയാണ് യുഡിഎഫ് രംഗത്തിറിക്കിയിരിക്കുന്നത്. മുതിര്‍ന്ന നേതാവ് എ.എൻ രാധാകൃഷ്‌ണൻ എൻഡിഎയ്‌ക്കായി പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.

manalur assembly seat  മണലൂര്‍ നിയമസഭാ മണ്ഡലം  തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍  election news
മണലൂരില്‍ ഇടതിനായി വീണ്ടും മുരളി പെരുനെല്ലി; പ്രതാപം തിരിച്ചുപിടിക്കാൻ കോണ്‍ഗ്രസ്

By

Published : Mar 18, 2021, 6:07 PM IST

തൃശൂര്‍: വര്‍ഷങ്ങളായി തുടരുന്ന കോണ്‍ഗ്രസ് ആധിപത്യം തകര്‍ത്ത് ഇടതുപക്ഷം പിടിച്ചെടുത്ത മണ്ഡലമാണ് മണലൂര്‍. 1957ന് ശേഷം നടന്ന 14 തെരഞ്ഞെടുപ്പുകളില്‍ മൂന്ന് തവണ മാത്രമാണ് മണ്ഡലത്തില്‍ ചെങ്കൊടി ഉയര്‍ന്നത്. 2016ല്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഒ. അബ്‌ദുറഹ്മാനെ പരാജയപ്പെടുത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുരളി പെരുനെല്ലിയാണ് മണലൂരിനെ നിയമസഭയില്‍ പ്രതിനിധാനം ചെയ്യുന്നത്. പിടിച്ചെടുത്ത മണ്ഡലം തിരിച്ചുകൊടുക്കില്ലെന്ന നിലപാടില്‍ മുരളി പെരുനെല്ലിക്ക് എല്‍ഡിഎഫ് ഇത്തവണ വീണ്ടും അവസരം നല്‍കിയിട്ടുണ്ട്. വിജയ ഹരിയെയാണ് യുഡിഎഫ് രംഗത്തിറിക്കിയിരിക്കുന്നത്. മുതിര്‍ന്ന നേതാവ് എ.എൻ രാധാകൃഷ്‌ണൻ എൻഡിഎയ്‌ക്കായി പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 23.17 ശതമാനം പിടിച്ച് കരുത്ത് കാട്ടിയതിനാലാണ് എൻഡിഎ രാധാകൃഷ്‌ണന് വീണ്ടും അവസരം നല്‍കിയിരിക്കുന്നത്.

2016 വിജയി

മണ്ഡല ചരിത്രം

1957 ലെ ആദ്യ കേരള സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ്‌ മുണ്ടശേരിയായിരുന്നു മണ്ഡലത്തിലെ ആദ്യ ജനപ്രതിനിധി. തുടര്‍ന്ന് 1960 ജോസഫ്‌ മുണ്ടശേരി വീണ്ടും മത്സരിച്ചെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കുറൂര്‍ നീലകണ്ഠൻ നമ്പൂതിരിപ്പാടിനോട് പരാജയപ്പെട്ടു. അത് ഒരു തുടക്കമായിരുന്നു. പിന്നീടങ്ങോട്ട് കുറേക്കാലം മണ്ഡലത്തില്‍ ജയിച്ചത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായിരുന്നു. 1965 ല്‍ ഐ.എം വേലായുധൻ തെരഞ്ഞെടുക്കപ്പെട്ടു. 1967 വിജയിച്ച എൻ.ഐ ദേവസിക്കുട്ടി 1970ലും 77ലും വിജയം ആവര്‍ത്തിച്ചു. തുടര്‍ന്ന് 1980 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി നാലാം തവണയും മത്സരത്തിനിറങ്ങിയ ദേവസിക്കുട്ടി പരാജയപ്പെട്ടു. ഐഎൻസി (യു) സ്ഥാനാര്‍ഥി വി.എം സുധീരൻ വിജയിച്ചു. 1982 ല്‍ നടന്ന അടുത്ത തെരഞ്ഞെടുപ്പില്‍ വി.എം സുധീരൻ കോണ്‍ഗ്രസ് (ഐ) സ്ഥാനാര്‍ഥിയായതോടെ മണ്ഡലത്തിലെ തേരോട്ടം വീണ്ടും ആരംഭിച്ചു. 1982, 1987, 1991 തെരഞ്ഞെടുപ്പില്‍ വി.എം സുധീരൻ അനായാസം വിജയിച്ചു കയറി. 1996 ല്‍ സീറ്റ് ലഭിച്ച റോസമ്മ ചാക്കോ വീണ്ടും ചരിത്രം ആവര്‍ത്തിച്ചു. 2006ലാണ് കഥ മാറുന്നത്. പതിറ്റാണ്ടുകള്‍ നീണ്ട കോണ്‍ഗ്രസ് വിജയകഥയ്‌ക്ക് എല്‍ഡിഎഫിന്‍റെ സിപിഎം സ്ഥാനാര്‍ഥി മുരളി പെരുനെല്ലി വിരാമമിട്ടു. കോണ്‍ഗ്രസിന്‍റെ എം.കെ പോള്‍സണ് തോല്‍വി. എന്നാല്‍ 2011ല്‍ പി.എ മാധവനിലൂടെ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചു പിടിച്ചു. മുരളി പിടിച്ച സീറ്റ് നിലനിര്‍ത്താൻ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബേബി ജോണിന് കഴിഞ്ഞില്ല. 2016 ല്‍ മുരളി പെരുനെല്ലിക്ക് വീണ്ടും സീറ്റ് നല്‍കിയ എല്‍ഡിഎഫ് തന്ത്രം വിജയിച്ചു. മണ്ഡലത്തില്‍ വീണ്ടും ചെങ്കൊടി ഉയര്‍ന്നു.

2011 നിയമസഭാ തെരഞ്ഞെടുപ്പ്

തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു ഇടതുപക്ഷം. മുരളി പെരുനെല്ലിക്ക് പകരം സീറ്റ് ബേബി ജോണിന് നല്‍കി. എന്നാല്‍ ആ പരീക്ഷണം പാളി. പി.എ മാധവനിലൂടെ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. 481 വോട്ടിനാണ് ഇടതുപക്ഷം തോറ്റത്. ആകെ പോള്‍ ചെയ്‌ത വോട്ടില്‍ 45.22 ശതമാനവും കോണ്‍ഗ്രസിന്‍റെ അക്കൗണ്ടില്‍ വീണു. 63,077 വോട്ടുകള്‍. രണ്ടാമതെത്തിയ ബേബി ജോണിന് നേടാനായത് 62,596 വോട്ടുകള്‍. മൂന്നാമതെത്തിയ ബിജെപി സ്ഥാനാര്‍ഥി 10,543 വോട്ടുകള്‍ സ്വന്തമാക്കി.

2016 നിയമസഭാ തെരഞ്ഞെടുപ്പ്

2016 തെരഞ്ഞെടുപ്പ് ഫലം

2011ല്‍ ചെറിയ വ്യത്യാസത്തില്‍ നേരിട്ട തോല്‍വി സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പോരായ്‌മയാണെന്ന് വിലയിരുത്തി സിപിഎം 2016 മുരളി പെരുനെല്ലിക്ക് വീണ്ടും സീറ്റ് നല്‍കി. ആ ശ്രമം ഫലം കണ്ടു. മണ്ഡലത്തില്‍ നഷ്‌ടപ്പെട്ട പ്രതാപം സിപിഎം പിടിച്ചെടുത്തു. 19,325 വോട്ടിന്‍റെ ആധികാരിക ജയമാണ് മുരളിയിലൂടെ മുന്നണി സ്വന്തമാക്കിയത്. എല്‍ഡിഎഫിന്‍റെ 70,422 വോട്ടുകള്‍ക്കെതിരെ യുഡിഎഫ് സ്ഥാനാര്‍ഥി ഒ. അബ്‌ദു റഹ്‌മാൻകുട്ടിക്ക് നേടാനായത് 50,097 വോട്ടുകള്‍ മാത്രമാണ്. അതേസമയം ഇരു മുന്നണികളുടെയും വോട്ട് വിഹിതത്തില്‍ കുറവുണ്ടായി. അതിന്‍റെ ഫലം ലഭിച്ചത് ബിജെപിക്കായിരുന്നു. 2011നെ അപേക്ഷിച്ച് മൂന്നിരട്ടി വോട്ട് സ്വന്തമാക്കിയ ബിജെപി സ്ഥാനാര്‍ഥി എ.എൻ രാധാകൃഷ്‌ണന് 23.17 വോട്ടര്‍മാരുടെ പിന്തുണ ലഭിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം

അരിമ്പൂർ, മണലൂർ, ചൂണ്ടൽ, കണ്ടാണശേരി, എളവള്ളി, മുല്ലശേരി, വാടാനപ്പള്ളി, പാവറട്ടി, തൈക്കാട്, വെങ്കിടങ്ങ് എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് മണലൂർ. തദ്ദേശ തെരഞ്ഞെടപ്പില്‍ എല്‍ഡിഎഫിന് അനുകൂലമായ ഫലമാണ് പുറത്തുവന്നത്. ആകെയുള്ള പത്ത് നിയമസഭ മണ്ഡലങ്ങളില്‍ ഒമ്പത് ഇടത്തും എല്‍ഡിഎഫാണ് അധികാരത്തില്‍. മണലൂര്‍ മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്. പാവറട്ടി പഞ്ചായത്തില്‍ എല്‍ഡിഎഫ് പിന്തുണയില്‍ യുഡിഎഫ് സ്വതന്ത്രയാണ് പ്രസിഡന്‍റായിരിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം

ABOUT THE AUTHOR

...view details