തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് പ്രതിരോധം ശക്തമാക്കാന്‍ ജില്ലാതല അവലോകന യോഗത്തില്‍ തീരുമാനം. ഇതിന്‍റെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ആരോഗ്യ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി യോഗം ചേരും. പിഎച്ച്സികളിലും സിഎച്ച്സികളിലും ഇവനിങ് ഒപി പുനഃരാരംഭിക്കും.
കൊവിഡ് പ്രതിരോധ വളണ്ടിയര്‍മാരുടെ ടീമിനെ വിപുലീകരിച്ച് ടീം ക്യാപ്റ്റന്‍റെ പേരും മൊബൈല്‍ നമ്പറും തഹസില്‍ദാരുടെ ഓഫിസ് ജില്ല കലക്‌ടറേറ്റിലെ കണ്ട്രോള്‍ റൂം തുടങ്ങിയവയ്ക്ക് കൈമാറും. ടീം അംഗങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഗൃഹസന്ദര്‍ശനം നടത്താനും അവലോകന യോഗം തീരുമാനിച്ചു.
തദ്ദേശ ഭരണസ്ഥാപനങ്ങള്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കണം. ആംബുലന്‍സ് ക്രമീകരണം ഉറപ്പുവരുത്തണം. ഡിസിസി, സിഎഫ്എല്‍ടിസി സംവിധാനങ്ങള്‍ ആവശ്യമെങ്കില്‍ ഒരുക്കാന്‍ സജ്ജമാകണം. തദ്ദേശ ഭരണസ്ഥാപനങ്ങള്‍ പൊലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം. ഡോക്‌ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരെ വിന്യസിക്കുമ്പോള്‍ ഗ്രാമീണ - ആദിവാസി മേഖലകള്‍ക്ക് വേണ്ട പരിഗണന ഉറപ്പുവരുത്തണം. മരുന്ന് ലഭ്യത ഉറപ്പുവരുത്താന്‍ ഡിഎംഒ തലത്തില്‍ നടപടി ഏകോപിക്കണമെന്നും യോഗം തീരുമാനിച്ചു.