തൃശൂർ : റാഗിങ്ങിനിടെ ക്രൂര മർദനമേറ്റ വിദ്യാർഥി നട്ടെല്ലിന് പരിക്കേറ്റ് കിടപ്പിലായി. തൃശൂർ ചിറ്റിലപ്പിളളി ഐ.ഇ.എസ് എഞ്ചിനീയറിങ് കോളജിലെ സഹൽ അസിനാണ് പരസഹായത്തോടെ ജീവിതം തള്ളി നീക്കേണ്ട അവസ്ഥയിലായത്. സംഭവത്തിൽ സീനിയർ വിദ്യാർഥികളായ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു.
കഴിഞ്ഞ 29 ന് കോളജ് കാമ്പസിൽവച്ചായിരുന്നു സംഭവം. ഐ.ഇ.എസ് എഞ്ചിനീയറിങ് കോളജിൽ ബി.ടെക്ക് രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയാണ് സഹൽ. നാലാം വർഷ മെക്കാനിക്കൽ വിദ്യാർഥികളുടെ സംഘമാണ് തന്നെയും സുഹൃത്തുക്കളെയും മർദിച്ചതെന്ന് സഹൽ പറയുന്നു.
തൃശൂരിൽ റാഗിങ്ങിനിടെ ക്രൂര മർദനം ; വിദ്യാർഥിയുടെ നട്ടെല്ലിന് ഗുരുതര പരിക്ക് സഹലിൻ്റെ സഹപാഠിയോട് ഷർട്ടിൻ്റെ ബട്ടൻസ് ഇടാൻ അവശ്യപ്പെട്ടായിരുന്നു ആദ്യം മർദനം തുടങ്ങിയത്. ഇത് തടയാൻ ശ്രമിച്ചതോടെയാണ് സംഘം സഹലിന് നേരേ തിരിഞ്ഞത്. ഇടിയും ചവിട്ടുമേറ്റ് നിലത്തുവീണ വിദ്യാര്‍ഥിയെ വീണ്ടും വളഞ്ഞിട്ട് ചവിട്ടുകയായിരുന്നു. കടുത്ത ശരീര വേദനയുമായി ഹോസ്റ്റലിൽ കഴിയുന്നതിനിടെ അധ്യാപകർ എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്.
തിരികെ വീട്ടിൽ എത്തിയെങ്കിലും കിടപ്പിൽ തന്നെയാണ്. സംഭവത്തിൽ 10 പേരെ കോളജ് സസ്‌പെൻഡ് ചെയ്തു. നാലാം വർഷ മെക്കാനിക്കൽ വിദ്യാർഥികളായ അക്ഷയ്, അനസ്, പ്രണവ്, അഭിത്ത്‌രാജ് എന്നിവരെയാണ് പേരാമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.