തിരുവനന്തപുരം :കോവളത്ത് കൊല്ലപ്പെട്ടവിദേശ വനിത - ലിഗയുടെ മൃതദേഹം കുറ്റിക്കാട്ടിലെ വള്ളികളിൽ കുരുങ്ങി കിടക്കുന്നത് കണ്ടപ്പോൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്ന് സാക്ഷിമൊഴി. മൃതദേഹം ശിരസ്സറ്റ നിലയിലായിരുന്നുവെന്നും കേസിലെ പ്രോസിക്യൂഷൻ എട്ടാം സാക്ഷിയും ചിത്രകാരനുമായ കർട്ടൻ ബിനു എന്ന ബിനു മൊഴി നൽകി.
എന്നാൽ കേസിലെ ഏഴാം സാക്ഷി ഉമ്മർ ഖാൻ കൂറുമാറി. രണ്ടാം പ്രതി ഉമേഷ് ലിഗയുടെ ജാക്കറ്റ് കോവളത്ത് തുണിക്കട നടത്തുന്ന ഉമ്മർ ഖാൻ്റെ കടയിൽ കൊണ്ടുവന്നിരുന്നുവെന്ന് പൊലീസിന് നൽകിയ മൊഴിയാണ് കോടതിയിൽ മാറ്റിപ്പറഞ്ഞത്. കൂടാതെ ലൈസൻസ് ഇല്ലാതെയാണ് കട നടത്തുന്നതെന്ന് ഉമ്മർ ഖാൻ ജഡ്‌ജിയുടെ ചോദ്യത്തിന് മറുപടി നൽകി.
ഇതിൽ ക്ഷുഭിതനായ ജഡ്‌ജി കോവളം പോലെ നിരവധി വിനോദസഞ്ചാരികൾ എത്തുന്ന പ്രദേശത്ത്, കോർപറേഷൻ ലൈസൻസ് ഇല്ലാതെ എങ്ങനെ കടകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ആരാഞ്ഞു. ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുകയാണെങ്കിൽ ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കോടതി കോർപറേഷൻ അധികൃതര്‍ക്ക് നിർദേശം നൽകി.
ബിനുവിന്‍റെ മൊഴി : താൻ ചിത്രകാരനാണ്, ശനി, ഞായര്‍ ദിവസങ്ങളിൽ താനും സുഹൃത്തുമായി ചേർന്ന് ചീട്ടുകളി പാർട്ടി നടത്താറുണ്ട്. ഇതിൽ പത്ത് പതിനഞ്ചുപേർ സ്ഥിരമായി പങ്കെടുക്കാറുണ്ട്. ഇതിന് അവരുടെ പക്കൽ നിന്നും പണവും വാങ്ങാറുണ്ട്. എന്നാൽ ചീട്ടുകളി ആദ്യം നടന്നിരുന്ന പറമ്പിന്‍റെ ഉടമ അവിടെ ഇനിമുതൽ അത് പാടില്ലെന്ന് പറഞ്ഞു.