തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ മുന്‍ സര്‍ക്കാരുകളുടെ ഉത്തരവ് ആയുധമാക്കി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക്‌പോര്. 2013ലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 12 കിലോമീറ്റര്‍ വരെ ബഫര്‍ സോണ്‍ നിശ്ചയിച്ച് കൊണ്ടുള്ള ഉത്തരവാണ് പുറപ്പെടുവിച്ചതെന്നും അതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ 2019ല്‍ പൂജ്യം മുതല്‍ ഒരു കിലോമീറ്റര്‍ വരെ നിശ്ചയിച്ചതെന്നും വനംമന്ത്രി എ.കെ ശശീന്ദ്രന്‍ വാദിച്ചു. എന്നാല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ ഉത്തരവില്‍ ജനവാസ മേഖലകള്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും 2019ല്‍ ജനവാസ മേഖലകളെ ഉള്‍പ്പെടുത്തി ബഫര്‍ സോണ്‍ നിശ്ചയിച്ച് കൊണ്ട് ഒന്നാം പിണറായി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവാണ് ഈ വര്‍ഷം ജൂണ്‍ മാസത്തിലെ സുപ്രീം കോടതി ഉത്തരവിന് അടിസ്ഥാനമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.
ബഫര്‍ സോണില്‍ വാക്‌പോര്:കേരളം ഒരു മീറ്റര്‍ ബഫര്‍ സോണ്‍ സമ്മതിച്ചിട്ടുണ്ടെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രിയായിരുന്ന പ്രകാശ് ജാവദേക്കര്‍ ലോക്‌സഭയെ അറിയിച്ചിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു. എന്നാല്‍ 2002ല്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന 12 കിലോമീറ്റര്‍ ബഫര്‍ സോണ്‍ നടപ്പാക്കാന്‍ ശ്രമിച്ചത് 2011ല്‍ യുപിഎ സര്‍ക്കാരില്‍ പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശ് ആയിരുന്നെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. 2011ലെ കേന്ദ്ര സര്‍ക്കാരിന്‍റെ ഉത്തരവിനെതിരെയാണ് അന്നത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ജനവാസ മേഖലകളെ പൂര്‍ണമായി ഒഴിവാക്കി ബഫര്‍ സോണ്‍ നിശ്ചയിച്ചതെന്ന് പ്രതിപക്ഷ നേതാവും പറഞ്ഞു.