തിരുവനന്തപുരം:സൈനിക മേഖലയിൽ അഗ്നിപഥ് പദ്ധതി പൂർണമായി ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സേനയിൽ കോർപ്പറേറ്റ് വത്‌കരണമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ഇത് അപകടകരമാണ്. സേനയുടെ അച്ചടക്കത്തെ ഇത് ബാധിക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു.
അഗ്നിപഥ് പദ്ധതി പൂർണമായി ഉപേക്ഷിക്കണം; സൈന്യത്തിലും കോർപ്പറേറ്റ് വത്‌കരണമെന്ന് വി.ഡി സതീശൻ കോർപ്പറേറ്റ് രീതിയായ ജോലിയിലെ സ്ഥിരതയില്ലായ്‌മ യുവാക്കളിൽ അനിശ്ചിതത്വവും നിരാശയുമുണ്ടാക്കും. ആ നിരാശയുടെ പ്രതിഫലനമാണ് രാജ്യവ്യാപക പ്രതിഷേധത്തിലൂടെ കാണുന്നത്. ഇതിനാൽ പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
ഗുരുതര സാമ്പത്തിക പ്രതിസന്ധി: അതേസമയംസംസ്ഥാനത്തെ ധനസ്ഥിതി സംബന്ധിച്ച് ധവളപത്രം ഇറക്കണമെന്നും വി.ഡി സതീശൻ പറഞ്ഞു. സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണ് നിലനിൽക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം അവതാളത്തിലാണ്.
പണമില്ലാത്തതിനാൽ പദ്ധതികൾക്ക് അനുമതി നൽകുന്നില്ല. ശ്രീലങ്കയ്‌ക്ക് സമാനമാണ് ഇവിടുത്തെ സ്ഥിതി. സർക്കാർ പരാജയം മറച്ചുവെക്കാനാണ് മറ്റ് പ്രവർത്തനങ്ങൾ നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.