തിരുവനന്തപുരം:യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ചർച്ച നടത്തി. റഷ്യ വഴിയുള്ള രക്ഷാദൗത്യം സാധ്യമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതുവരെയുള്ള രക്ഷാപ്രവർത്തനങ്ങൾ വിജയകരമായി നിർവഹിച്ച വിദേശകാര്യമന്ത്രാലയത്തോടുള്ള നന്ദി മുഖ്യമന്ത്രി അറിയിച്ചു.
യുക്രൈന്‍റെ കിഴക്കൻ പ്രദേശങ്ങളായ കീവ്, ഖാർകിവ്, സുമി തുടങ്ങിയ ഇടങ്ങളിലെ ബങ്കറുകളിൽ അഭയം പ്രാപിച്ചവർക്ക് വെള്ളവും ഭക്ഷണവും അടിയന്തരമായി എത്തിക്കണം. പോളണ്ടിലെത്തിയ വിദ്യാർഥികളെ അതിർത്തി കടക്കാൻ അനുവദിക്കാതെ യുക്രൈനിലെ ഉദ്യോഗസ്ഥർ തടയുന്നു. ഇതു പരിഹരിക്കാൻ യുക്രൈൻ ഭാഷ കൈകാര്യം ചെയ്യാൻ കഴിവുള്ള ഉദ്യോഗസ്ഥരെ എത്രയും വേഗം അതിർത്തിയിലേക്ക് അയക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതിർത്തിയിൽ നിലവിലുള്ള ഉദ്യോഗസ്ഥർക്ക് ഇതിന് സാധിക്കുമെന്ന് വിദേശകാര്യമന്ത്രി മുഖ്യമന്ത്രിക്ക് ഉറപ്പുനൽകി.