തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കുന്നത് ഉടനുണ്ടാകുമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു. വിവിധ സംഘടനകളുമായി ചർച്ചകൾ നടത്തിയതിന് ശേഷം തീരുമാനമറിയിക്കും. നിലവിലെ സാഹചര്യത്തിൽ എപ്പോഴെന്ന് പറയാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
ഇന്ധന വില ഉയരുമെന്ന സാഹചര്യത്തിൽ ബസുടമകളുടെ ആവശ്യം ന്യായമാണ്. പൊതുജനാഭിപ്രായം കണക്കിലെടുക്കുമെന്നും അതുവരെ ബസുടമകൾ സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കൺസെഷൻ നിരക്കും കൂട്ടും
വിദ്യാർഥികളുടെ കൺസെഷൻ ചാര്‍ജ് വർധിപ്പിക്കും. നിലവിൽ 2 രൂപയാണ് നിരക്ക്. 5 രൂപ നൽകി ബാക്കി വാങ്ങാൻ കുട്ടികൾക്ക് മടിയാണെന്നും മന്ത്രി പറഞ്ഞു. ബസുടമകളുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നാണിത്. ഇത് സംബന്ധിച്ച് വിദ്യാർഥി സംഘടനകളുമായി ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.