തിരുവനന്തപുരം: കെഎസ്ആർടിസിയുടെ 'ഗ്രാമവണ്ടി' സർവീസ് പദ്ധതി യാഥാർഥ്യമാക്കുക തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്നെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു. പദ്ധതി ഉടൻ തന്നെ യാഥാർഥ്യമാകുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
തദ്ദേശസ്ഥാപനങ്ങളുമായി ചേർന്നാണ് ഗ്രാമവണ്ടി എന്ന പേരിൽ സർവീസ് നടത്തുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ ആവശ്യപ്രകാരമാകും ബസുകളുടെ റൂട്ടും സമയക്രമവും തീരുമാനിക്കുക. വലിയ ബസുകൾ പോകാത്ത റോഡുകളിൽ ചെറിയ ബസുകൾ സർവീസ് നടത്തും. തദ്ദേശ സ്ഥാപനങ്ങളുമായി കെഎസ്ആർടിസി കരാർ ഒപ്പിടും. തിരികെ നൽകുന്ന ഡെപ്പോസിറ്റ് കെഎസ്ആർടിസിക്ക് തദ്ദേശസ്ഥാപനങ്ങൾ നൽകണം.
ALSO READ: ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം തള്ളി ചെറിയാൻ ഫിലിപ്പ്
വാഹനം ഓടുന്നതിൻ്റെ ഡീസൽ ചെലവ് തദ്ദേശസ്ഥാപനങ്ങളാകും വഹിക്കുക. വാഹനത്തിൻ്റെ ഇൻഷുറൻസ് അറ്റകുറ്റപ്പണിയും ജീവനക്കാരുടെ ശമ്പളവും കെഎസ്ആർടിസി വഹിക്കും. 150 കിലോമീറ്റർ എങ്കിലും മിനിമം ദൂരം പ്രതിദിന സർവീസ് നടത്തണം. ഇത്രയും ദൂരം സർവീസ് നത്താൻ സാധിക്കാത്ത തദ്ദേശ സ്ഥാപനങ്ങൾക്ക് അടുത്ത പഞ്ചായത്തുമായി സഹകരിച്ച് റൂട്ട് ക്രമീകരിക്കാം. പദ്ധതി യാഥാർഥ്യമാക്കുന്നത് സംബന്ധിച്ച് ഈ മാസം 13ന് തദ്ദേശ വകുപ്പുമായി ഗതാഗതവകുപ്പ് ചർച്ച നടത്തുമെന്നും ആൻ്റണി രാജു നിയമസഭയെ അറിയിച്ചു.
'ഗ്രാമവണ്ടി' സർവീസ് തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് നടത്തുമെന്ന് ഗതാഗതമന്ത്രി കെഎസ്ആർടിസി നിലവിൽ നടത്തുന്ന അതേ നിരക്കിൽ തന്നെയാകണം ഗ്രാമ വണ്ടിയുടെ സർവീസും. എല്ലാ കൺസഷനുകളും അനുവദിക്കും. കെഎസ്ആർടിസിയുടെ വാഹനങ്ങൾ തികഞ്ഞില്ലെങ്കിൽ സ്വകാര്യവാഹനങ്ങൾ ലീസിനെടുക്കും. വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ സർവീസുകൾ സ്പോൺസർ ചെയ്യാം. അവരുടെ പേരുകൾ ബസിൽ പതിപ്പിക്കുന്നത് ആലോചനയിലാണെന്നും മന്ത്രി പറഞ്ഞു. എംഎൽഎ ഫണ്ടിൽ നിന്ന് പണം അനുവദിച്ചാൽ എംഎൽഎമാർ പറയുന്ന റോഡുകളിലേക്ക് ഗ്രാമ വണ്ടി സർവീസ് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.