തിരുവനന്തപുരം:ടൂറിസ്റ്റ് ബസുകളടക്കമുള്ള സംസ്ഥാനത്തെ കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾക്ക് ഏകീകൃത കളർ കോഡ് മാർച്ച് ഒന്ന് മുതൽ പൂര്‍ണമായും നടപ്പാക്കും. ഇതോടെ കോൺട്രാക്ട് ക്യാരേജ് വാഹനങ്ങളുടെ നിറം വെള്ളയാകും. വാഹനത്തിന്‍റെ ബോഡിയുടെ വശങ്ങളിൽ മെറ്റാലിക്, ഗോൾഡ്, വയലറ്റ് എന്നീ റിബണുകളൊഴിച്ച് മറ്റ് ഗ്രാഫിക്സുകളെല്ലാം അപ്രത്യക്ഷ്യമാകും. ബസുകളിലെ അധിക ഗ്രാഫിക്സുകളെക്കുറിച്ച് വ്യാപക പരാതിയുയർന്ന സാഹചര്യത്തിലാണ് ഗതാഗത വകുപ്പ് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഏകീകൃത കളർ കോഡിനൊപ്പം മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്ന ബസുകൾക്ക് മാത്രമേ മാർച്ച് ഒന്നിനു ശേഷം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കൂ.
ടൂറിസ്റ്റ് ബസുകള്‍ക്ക് ഒറ്റനിറം; നടപടി മാര്‍ച്ച് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ - ടൂറിസ്‌റ്റ് ബസ്
മാർച്ച് ഒന്ന് മുതൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങള്‍ക്ക് പുതിയ മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ മാത്രമേ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കു. പഴയ വാഹനങ്ങൾ ഈ മാനദണ്ഡങ്ങൾ പാലിച്ചു വേണം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കാൻ.
വാഹനങ്ങളുടെ വശങ്ങളിൽ 10 സെന്‍റീമീറ്റർ വീതിയിലാണ് വയലറ്റ് റിബൺ പതിക്കേണ്ടത്. മൂന്ന് സെന്‍റീമീറ്റർ വീതിയിൽ മെറ്റാലിക്, ഗോൾഡ് റിബണുകളും പതിക്കും. 12 സെന്‍റീമീറ്റർ താഴെ വലിപ്പത്തിൽ മാത്രമേ അക്ഷരങ്ങൾ പതിക്കാവൂ. ഓപ്പറേറ്ററുടെ പേരുവിവരങ്ങൾ 40 സെന്‍റീമീറ്റർ വലുപ്പത്തിൽ വാഹനത്തിന്‍റെ പിന്നിലായി രേഖപ്പെടുത്തണം. മാർച്ച് ഒന്ന് മുതൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളാണ് ഈ മാനദണ്ഡങ്ങൾ പാലിക്കേണ്ടത്. മറ്റു വാഹനങ്ങൾ ഈ മാനദണ്ഡങ്ങൾ പാലിച്ചു വേണം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കാൻ.
സ്കൂളുകളിൽ നിന്നും ഉല്ലാസയാത്ര പോകുന്ന ബസുകളിലടക്കം വലിയ ഗ്രാഫിക്സുകളും, ലൈറ്റ്, സൗണ്ട് സിസ്റ്റങ്ങളും വ്യാപകമായി ഉപയോഗിക്കുന്നത് അപകടങ്ങൾ വർധിപ്പിക്കുന്നുവെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഗതാഗത വകുപ്പ് മാനദണ്ഡങ്ങൾ കർശനമാക്കിയത്.