തിരുവനന്തപുരം:വടക്കാഞ്ചേരി ലൈഫ് പദ്ധതി 31.5 കോടിയില്‍ നിന്ന് 15 കോടിയിലേക്ക് വെട്ടിച്ചുരുക്കാന്‍ തന്നോട് ലൈഫ് അധികൃതര്‍ നിര്‍ദ്ദേശിച്ചെന്ന് വെളിപ്പെടുത്തി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍റായിരുന്ന ഹാബിറ്റാറ്റ് ചെയര്‍മാന്‍ ആര്‍ക്കിടെക്റ്റ് ജി.ശങ്കര്‍.
ലൈഫ് മിഷനിലെ റെഡ് ക്രസന്‍റ് ഇടപെടലുകളെക്കുറിച്ച് അറിയില്ലെന്ന് ഹാബിറ്റാറ്റ് ചെയര്‍മാന്‍
പദ്ധതിയില്‍ ചില വിട്ടു വീഴ്ചകള്‍ ചെയ്യേണ്ടി വരുമെന്ന് കണ്ടപ്പോള്‍ ലൈഫ് പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി സ്വയം ഒഴിയാന്‍ ഹാബിറ്റാറ്റ് തീരുമാനിക്കുകയായിരുന്നുവെന്ന് ഹാബിറ്റാറ്റ് ചെയര്‍മാന്‍ ആര്‍ക്കിടെക്റ്റ് ജി. ശങ്കര്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
പദ്ധതിയില്‍ വിദേശ സഹായം ലഭിക്കുമെന്നോ റെഡ് ക്രസന്‍റാണ് പണം മുടക്കുന്നതെന്നോ തന്നെ ആരും അറിയിച്ചിരുന്നില്ല. ഇത് എന്തിനാണെന്ന് അറിയില്ല. തങ്ങള്‍ ഒരിക്കലും പദ്ധതിയുടെ കരാര്‍ ഏറ്റെടുത്തിരുന്നില്ല. പദ്ധതിയുടെ ഡിസൈന്‍, മേല്‍നോട്ടം, ഗുണനിലവാരം എന്നിവയാണ് ഹാബിറ്റാറ്റ് നടപ്പാക്കിയിരുന്നത്. നിര്‍മ്മാണം ഒരു ഘട്ടത്തിലും ഏറ്റെടുത്തിട്ടില്ല. പദ്ധതിയില്‍ ചില വിട്ടു വീഴ്ചകള്‍ ചെയ്യേണ്ടിവരുമെന്ന് കണ്ടപ്പോള്‍ ലൈഫ് പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി സ്വയം ഒഴിയാന്‍ ഹാബിറ്റാറ്റ് തീരുമാനിക്കുകയായിരുന്നു. വടക്കാഞ്ചേരി പദ്ധതിയുടെ നിര്‍മ്മാണ കരാര്‍ യൂണിടാക്കിന് ലഭിച്ചത് എങ്ങനെയെന്നറിയില്ല. ഒരു പക്ഷേ സ്‌പോണ്‍സര്‍മാരുടെ ഇടപെടലാകാം യൂണിടാക്കിന് കരാര്‍ ലഭിക്കാന്‍ കാരണം. താന്‍ 30 വര്‍ഷമായി നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുകയാണെങ്കിലും യൂണിടാക്കിനെ കുറിച്ച് ഇതുവരെ കേട്ടിട്ടില്ലെന്നും ശങ്കര്‍ ഇടിവി ഭാരതിനോട് പറഞ്ഞു.