തിരുവനന്തപുരം:കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടയിലാണ് സംസ്ഥാനത്ത് ഓണം കൂടിയെത്തിയത്. പ്രതിദിനം രണ്ട് ലക്ഷത്തിന് മുകളില്‍ നടന്ന കൊവിഡ് പരിശോധനയും അഞ്ച് ലക്ഷത്തിലധികം നടന്ന വാക്‌സിനേഷനും ഓണാവധിയെ തുടര്‍ന്ന് മന്ദഗതിയിലായി. ഒരു ലക്ഷത്തിലും താഴെയാണ് ഇന്നലെ സംസ്ഥാനത്ത് നടന്ന കൊവിഡ് പരിശോധന.
ഓഗസ്റ്റ് ആദ്യത്തിൽ പരിശോധന വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് പരിശോധന രണ്ട് ലക്ഷത്തിന് അടുത്ത് എത്തിയിരുന്നു. ആ സമയത്ത് ടിപിആര്‍ 11.87 ശതമാനം. ഇതാണ് ഓണക്കാലത്ത് കുറഞ്ഞ് വരുന്നത്. ഇന്നലെ നടന്നത് 96,481 പരിശോധനകള്‍ മാത്രം. ടിപിആര്‍ 17.73 ആയി ഉയര്‍ന്നു. ഞായറാഴ്‌ച കൂടിയായതിനാല്‍ പരിശോധന ഇന്ന് കുറവാണ് നിശ്ചയിച്ചിരിക്കുന്നത്.
കൊവിഡ് വാക്‌സിനേഷനിലും കുറവ്
വാക്‌സിനേഷനും സംസ്ഥാനത്ത് കുറവ് സംഭവിച്ചിട്ടുണ്ട്. അഞ്ചര ലക്ഷം വരെ വാക്‌സിനേഷന്‍ നടന്നിരുന്ന വാക്‌സിനേഷന്‍ 30,000 ആയി കുറഞ്ഞു. വെള്ളിയാഴ്‌ച 177360 ഡോസ് വാക്‌സിനാണ് വിതരണം ചെയ്‌തത്. വാക്‌സിനേഷന്‍ സംസ്ഥാനത്ത് തുടങ്ങിയതിന് ശേഷമുണ്ടായ ഏറ്റവും ചെറിയ നിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ചിട്ടുള്ളത്. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന ഈ സാഹചര്യത്തില്‍ വലിയ പ്രത്യാഘാതം ഇതുണ്ടാക്കുമെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തല്‍. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കൊവിഡ് വ്യാപനം രൂക്ഷമാണ്.