കേരളം

kerala

By

Published : Apr 16, 2020, 6:28 PM IST

ETV Bharat / city

മികവുമായി ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്; കൊവിഡ് 19 കണ്ടെത്തുന്നതിന് പുതിയ കിറ്റ് വികസിപ്പിച്ചു

'ചിത്ര ജീന്‍ ലാംപ്' എന്നാണ് പുതിയ കിറ്റിന് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് പേര് നല്‍കിയിരിക്കുന്നത്

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്  തിരുവനന്തപുരം കൊവിഡ് 19  ആലപ്പുഴ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി  ചിത്ര ജീന്‍ ലാംപ്  കൊവിഡ് 19 കണ്ടെത്തുന്നതിനുള്ള ടെസ്റ്റ് കിറ്റ്  Sree Chitra Institute by developing Kovid 19 detection test kit  Kovid 19 detection test kit  Sree Chitra Institute
കൊവിഡ് 19 കണ്ടെത്തുന്നതിനുള്ള ടെസ്റ്റ് കിറ്റ് വികസിപ്പിച്ച് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്

തിരുവനന്തപുരം: കൊവിഡ് 19ചികിത്സക്കായി പ്ലാസ്‌മ പരീക്ഷണത്തിന് ഐ.സി.എം.ആറിന്‍റെ അനുമതി നേടി രാജ്യത്തിന് പ്രതീക്ഷയായ തിരുവനന്തപുരം ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് മികവിന്‍റെ ഒരു ചുവട് കൂടി മുന്നോട്ട്. കൊവിഡ് 19 കണ്ടെത്തുന്നതിനുള്ള ടെസ്റ്റ് കിറ്റ് വികസിപ്പിച്ചുകൊണ്ടാണ് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് വീണ്ടും രാജ്യത്തിന് പ്രതീക്ഷ പകരുന്നത്. 'ചിത്ര ജീന്‍ ലാംപ്' എന്നാണ് പുതിയ കിറ്റിന് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് പേര് നല്‍കിയിരിക്കുന്നത്.

പുതിയ കിറ്റിന്‍റെ കൃത്യത പരിശോധിക്കാന്‍ ഐ.സി.എം.ആര്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ആലപ്പുഴയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയെ(എന്‍.ഐ.വി) ചുമതലപ്പെടുത്തിയിരുന്നു. അവിടെ നടത്തിയ പരിശോധനയില്‍ കിറ്റിന് 100 ശതമാനം കൃത്യതയുണ്ടെന്ന് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഐ.സി.എം.ആറിനെ അറിയിച്ചു. ഇനി ഐ.സി.എം.ആറിന്‍റെയും ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെയും അനുമതി ലഭിച്ചാലുടന്‍ ജീന്‍ ലാംപിന്‍റെ ഉല്‍പാദനം ആരംഭിക്കാനാകും. റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്‌ടേഴ്‌സ് ലൂപ്-മീഡിയേറ്റഡ് ആപ്ലിക്കേഷന്‍ ഓഫ് വൈറല്‍ ന്യൂക്ലിക് ആസിഡ്(ആര്‍.ടി-ലാമ്പ്) സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പുതുതായി വികസിപ്പിച്ച ടെസ്റ്റ് കിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. പുതിയ ടെസ്റ്റ് കിറ്റ് സാര്‍സ് കോവ്-2 വിലെ എന്‍-ജീനിനെ കണ്ടെത്തുന്നു. അതിനാല്‍ കിറ്റിന് കൃത്യത ഉറപ്പാക്കാനാകുമെന്ന് ശ്രീചിത്ര അധികൃതര്‍ അറിയിച്ചു. ആര്‍.ടി- ലാമ്പ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ സാര്‍സ് കോവ്-2 വിലെ എന്‍-ജീനിനെ കണ്ടെത്തുന്ന ലോകത്തിലെ ആദ്യ ടെസ്റ്റ് കിറ്റുകളില്‍ ഒന്നെന്ന സവിശേഷതയും പുതിയ കിറ്റുകള്‍ക്കുണ്ട്.

എന്‍-ജീനിനെ കൃത്യമായി തിരിച്ചറിയാന്‍ കഴിയുന്ന ടെസ്റ്റ് കിറ്റിന് എന്‍-ജീനിന്‍റെ രണ്ട് മേഖലകള്‍ കണ്ടെത്താനാകും. വൈറസിലെ ജീനിന്‍റെ ഒരു മേഖലക്ക് ജനിതക വ്യതിയാനം ഉണ്ടായാല്‍ പോലും ഫലം തെറ്റാതിരിക്കാന്‍ ഇത് സഹായിക്കുമെന്നും ശ്രീചിത്ര അധികൃതര്‍ അറിയിച്ചു. സാമ്പിള്‍ ശേഖരണം മുതല്‍ ഫലം കണ്ടെത്തുന്നതുവരെ പരിശോധനക്ക് വേണ്ടത് രണ്ട് മണിക്കൂറില്‍ താഴെയാണ്. ഒരു മെഷീനില്‍ ഒരു ബാച്ചില്‍ 30 സാമ്പിളുകള്‍ പരിശോധിക്കാന്‍ കഴിയും. അതുകൊണ്ട് വിവിധ ഷിഫ്റ്റുകളിലായി ഒരു മെഷീന്‍ ഉപയോഗിച്ച് തന്നെ വന്‍തോതില്‍ പരിശോധന നടത്താം. ജില്ലാ ആശുപത്രികളിലെ ലാബുകളില്‍ പോലും വളരെ എളുപ്പത്തില്‍ ടെസ്റ്റിങ് സൗകര്യം സജീകരിക്കാന്‍ കഴിയും. ടെസ്റ്റിന് പരമാവധി ആയിരം രൂപയില്‍ താഴെ മാത്രമേ ചെലവ് വരികയുള്ളൂവെന്നും ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ അറിയിച്ചു.

ABOUT THE AUTHOR

...view details